
തര്‍ക്കരഹിത പഞ്ചായത്തിനായി കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് സുതാര്യം പദ്ധതി നടപ്പിലാക്കുന്നു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ കണക്റ്റഡ് ഇനിഷ്യേറ്റിവിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ ആറ് മാസത്തില്‍ ഒരിക്കലുള്ള അദാലത്തില്‍ പരിഹരിക്കുന്നതാണ് പദ്ധതി.
പരാതികള്‍ നേരിട്ടും, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, റെസിഡന്റ്സ് അസോസിയേഷന്‍,സന്നദ്ധ സംഘടനകള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരിലൂടെയും ഗ്രാമപഞ്ചായത്ത് മുന്‍കൂട്ടി സ്ഥീകരിക്കും.
തുടര്‍ന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി പരാതികളുടെ കോപ്പി ബന്ധപ്പെട്ട ഓഫീസുകള്‍ക്കും വ്യക്തികള്‍ക്കും അയച്ചു കൊടുത്ത് മറുപടി ആവശ്യപ്പെടും.
ന്യായാധിപരും സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ബെഞ്ചുകള്‍ അദാലത്ത് ദിവസം പരാതിക്കാര്‍, എതിര്‍കക്ഷികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പരാതി പരിഗണിക്കും.
വ്യക്തിഗത തര്‍ക്കങ്ങളും സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിനായി നല്‍കാം. പഞ്ചായത്ത് ഓഫീസ് ഹാളില്‍ നവംബറിലെ ആദ്യ അദാലത്ത് നടത്തും.
അദാലത്തിലൂടെ കുരുവട്ടൂരിനെ ജില്ലയിലെ ആദ്യ തര്‍ക്കരഹിത പഞ്ചായത്തായി മാറ്റുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.
പദ്ധതിക്ക് മുന്നോടിയായി അദാലത്ത് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടേയും മറ്റും യോഗം പഞ്ചായത്തില്‍ നടന്നു.
അദാലത്തിനുള്ള പരാതികള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ നല്‍കാം. പരാതി പരിഹാരത്തിനായി കോടതിയും സര്‍ക്കാര്‍ ഓഫീസുകളും കയറി ഇറങ്ങേണ്ടിവരുന്ന അവസ്ഥക്ക് പദ്ധതിയിലൂടെ പരിഹാരമാവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here