
നാല് വർഷത്തിനിടെ റെക്കോർഡ് വർദ്ധനയുമായി രാജ്യത്തെ സവാള വില. ദില്ലിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സവാളയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 80 രൂപ വരെയെത്തിയതോടെ സവാള മോഷണം പോയെന്ന പരാതിയുമായി നാസിക്കിലെ കര്‍ഷഷകനും പാറ്റ്നയിലെ മൊത്തവ്യാപാരിയും പൊലീസില്‍ പരാതി നല്‍കി.
മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ കര്‍ഷകനാണ് ഒരു ലക്ഷം രൂപയുടെ സവാള മോഷണം പോയെന്ന പരാതിയുമായി രംഗത്തെത്തിയത്.
വേനൽക്കാല വിപണി ലക്ഷ്യമാക്കി 117 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 25 ടണ്‍ സവാളയാണ് മോഷണം പോയത്. ഒരു ലക്ഷം രൂപ വില വരുന്ന സവാള ഞായറാഴ്ച വൈകുന്നേരത്തോടെ സ്‌റ്റോര്‍ ഹൗസില്‍ നിന്ന് കാണാതായതായി ഇയാൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം അയൽ സംസ്ഥാനമായ ഗുജറാത്തിലേക്കും വ്യാപിച്ചതായി പൊലീസ് പറഞ്ഞു.
പാറ്റ്നയിലെ സോനാരുവില്‍ ധീരജ് കുമാര്‍ എന്ന മൊത്ത വ്യാപാരിയുടെ ഗോഡൗണില്‍ നിന്നാണ് എട്ടര ലക്ഷം രൂപയുടെ സവാള മോഷ്ടിക്കപ്പെട്ടത്.
328 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന സവാളയും ഗോഡൗണിലെ അലമാരയിലുണ്ടായിരുന്ന 1.73 ലക്ഷം രൂപയും ടെലിവിഷനും മോഷണം പോയതായി ധീരജ് കുമാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കേരളത്തിൽ സവാളവില 60 രൂപയോളമായി. കർണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഉണ്ടായ പേമാരിയും കനത്ത മഴയും മൂലം ഉണ്ടായ നാശമാണ് സവാള വില പെട്ടെന്ന് കൂടാൻ കാരണം. വില ഇനിയും കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് മൊത്തവിതരണക്കാര്‍ നല്‍കുന്ന സൂചന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here