പി ജയരാജനെ അധിക്ഷേപിക്കുന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പിടിയിലായത് വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിന്‍

കണ്ണൂര്‍: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെ അധിക്ഷേപിക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

മലപ്പുറം എടവണ്ണ സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നൗഷാദിനെയാണ്(30) കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സാമൂഹ്യ മാധ്യമങ്ങളില്‍ പി ജയരാജന്‍ ബിജെപിയില്‍ ചേരുവെന്ന സന്ദേശം പ്രചരിപ്പിച്ച എടവണ്ണ വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിനാണ് നൗഷാദ്. പി ജയരാജന്‍ കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന് നല്‍കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

തിരുവോണ നാളിലാണ് വ്യാജ വാര്‍ത്ത ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. നിലപാട്, പച്ചപ്പട എന്നീ പേരുകളിലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് അപവാദം പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫേസ്ബുക്ക് ആസ്ഥാനമായ കാലിഫോര്‍ണിയയില്‍നിന്നുള്ള വിവരങ്ങള്‍കൂടി പൊലീസ് ശേഖരിച്ചിരുന്നു.

ഫേസ്ബുക്കിലൂടെയും വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും സംഘപരിവാറും ചില മുസ്ലിം തീവ്രവാദി സംഘടനകളും പി ജയരാജന്‍ ബിജെപിയില്‍ ചേരുന്നവെന്ന വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ആര്‍എസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ സഹിതമാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.

അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമച്ച് പ്രചരിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 469, 500 വകുപ്പുകള്‍ പ്രകാരമാണ് കേസ്. രണ്ടു വകുപ്പുകളിലുമായി അഞ്ചുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News