ബിജെപിയില്‍ സീറ്റിനുവേണ്ടി തമ്മിലടി; നേതാക്കള്‍  പരസ്യമായി ഏറ്റുമുട്ടി

ദില്ലിയില്‍ സ്ഥാനാര്‍ഥി മോഹികളായ നേതാക്കളുടെ കയ്യാങ്കളിയില്‍ നാണംകെട്ട് ബിജെപി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നേതാക്കള്‍ പരസ്യമായി തമ്മിലടിച്ച ഒന്നിലേറെ സംഭവങ്ങളാണ് കഴിഞ്ഞ നാലു ദിവസത്തിനിടെ ദില്ലിയിലുണ്ടായത്.

അക്രമങ്ങള്‍ തുടര്‍ച്ചയായതോടെ വിഷയത്തില്‍ നടപടിയെടുക്കാന്‍ ബിജെപി സമിതി രൂപീകരിച്ചു. സീറ്റിനുവേണ്ടി പരസ്യമായി അടികൂടുന്നത് അവരുടെ സാധ്യത ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ് തിവാരിയും രംഗത്തെത്തി.

അനധികൃത കോളനികളില്‍ ഞായറാഴ്ച ബിജെപി സംഘടിപ്പിച്ച പരിപാടിക്കിടെ കിരാരിയിലും ഗോകുല്‍പുരിയിലും നേതാക്കള്‍ പരസ്പ്പരം തമ്മില്‍ത്തല്ലി. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു. കിരാരിയില്‍ മുന്‍ എംഎല്‍എയും രണ്ട് കൗണ്‍സിലര്‍മാരുമുള്‍പ്പെടെ നാല് നേതാക്കളാണ് തമ്മിലടിച്ചത്.

നേതാക്കള്‍ പരസ്യമായി ഏറ്റുമുട്ടിയതൊടെ മുതിര്‍ന്ന നേതാവ് സതീഷ് ഉപാധ്യായ ഇവിടേക്കുള്ള സന്ദര്‍ശനം ഒഴിവാക്കി മടങ്ങി. പരിപാടിയുടെ ബാനറില്‍ ഒരു നേതാവിന്റെ ചിത്രത്തിന് പ്രാധാന്യം കുറഞ്ഞതും ഒരു പ്രവര്‍ത്തകന് വേദിയില്‍ ഇരിപ്പിടം നല്‍കാത്തതുമാണ് തര്‍ക്കത്തിന് കാരണമായത്. തര്‍ക്കത്തിനിടെ നേതാക്കള്‍ പരസ്പരം മുഖത്തടിച്ചു.

ഗോകുല്‍പുരിയില്‍ മണ്ഡലം നേതാവ് ബിജെപി ബൗധിക വിഭാഗം നേതാവുമായി ഏറ്റുമുട്ടി. മുതിര്‍ന്ന തോവ് ദുഷ്യന്ത് ഗൗതം പങ്കെടുത്ത പരിപാടിക്കിടെയാണ് അടി നടന്നത്. വ്യാഴാഴ്ച ബിജെപി ഓഫീസിനുള്ളില്‍വെച്ച് ജില്ലാ പ്രസിഡന്റായ ആസാദ് സിങ് ഭാര്യയും മുന്‍ മേയറുമായ സരിത ചൗധരിയെ മര്‍ദ്ദിച്ചിരുന്നു. നിരവധി നേതാക്കളുടെ സാന്നിധ്യത്തിലാണ് സംഭവമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News