അടിയന്തര സഹായത്തിന് ഇനി മുതൽ ‘108’ ൽ വിളിക്കാം

അടിയന്തര സഹായത്തിന് ഇന്നുമുതൽ നൂറ്റിയെട്ടിൽ വിളിക്കാം.സംസ്ഥാന സർക്കാരിന്‍റെ ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സുകൾ ഇന്നുമുതൽ നിരത്തിലിറങ്ങും.എട്ടു ജില്ലകളിലായി 101 ആംബുലൻസുകളാണ് ആദ്യഘട്ടത്തിൽ നിരത്തിലിറങ്ങുന്നത്.

ഇന്നലെ രാത്രി 12 മണിമുതൽ അടിയന്തര സഹായത്തിനായി 108 ആംബുലൻസുകലുടെ സയറനുകൾ മു‍ഴങ്ങി തുടങ്ങി.സംസ്ഥാന സർക്കാരിന്‍റെ ‘കനിവ്-108 എന്ന പദ്ധതിപ്രകാരമാണ് ആംബുലൻസുകൾ നിരത്തിലിറങ്ങിയത്.ആകെ 315 ആംബുലന്‍സുകളില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 101 ആംബുലന്‍സുകളുടെ സേവനങ്ങളാണ് ഇപ്പോള്‍ ലഭിക്കുക. ആടുത്തമാസത്തോടെ സംസ്ഥാനത്തൊട്ടാകെ 108 ആംബുലൻസുകളുടെ സേവനം ലഭ്യമാകും.തിരുവനന്തപുരം 28, കൊല്ലം 10, ആലപ്പുഴ 18, പത്തനംതിട്ട 15, എറണാകുളം 15, കോട്ടയം 8, ഇടുക്കി 7 എന്ന കണക്കിലാണ് ആംബുലന്‍സുകള്‍ ആദ്യഘട്ടത്തില്‍ വിന്യസിച്ചിട്ടുള്ളത്.

ഈ മാസം 17ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച സൗജന്യ ആംബുലന്‍സ് ശൃംഖലയുടെ ആദ്യഘട്ട പ്രവര്‍ത്തനമാണ് ഇതോടെ സാക്ഷാത്ക്കരിക്കുന്നത്. റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയുള്ള സമയത്തിന് പ്രാധാന്യം നല്‍കിയും റോഡപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും തരംതിരിച്ചുമാണ് 24 മണിക്കൂര്‍ സേവനം ഉറപ്പ് വരുത്തുന്നത്.അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങളുടേയും പരിശീലനം സിദ്ധിച്ച പൈലറ്റിന്റേയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്റേയും സേവനം ആംബുലൻസുകളിൽ ഉറപ്പാക്കിയിട്ടുണ്ട്. ആംബുലന്‍സുമായി ബന്ധപ്പെട്ട് സുസജ്ജമായ കേന്ദ്രീകൃത കോള്‍ സെന്ററും സജ്ജമാക്കിയിട്ടുണ്ട്.

കോൾ സെന്‍ററുകൾ ആംബുലന്‍സ് ലഭ്യമാക്കുകയും തൊട്ടടുത്തുള്ള ആശുപത്രിയെ വിവരമറിയിച്ച് വേണ്ടത്ര സൗകര്യമൊരുക്കുന്നതുമാണ്. ഇതിനായി ഓരോ ആശുപത്രിയിലും ഓരോ നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. ഈ അറിയിപ്പ് കിട്ടിയാല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റേയോ വിദഗ്ധ ഡോക്ടറുടേയോ അഭാവമുണ്ടായാല്‍ എത്രയും പെട്ടന്ന് ഈ നോഡല്‍ ഓഫീസര്‍ കോള്‍ സെന്ററിനെ അറിയിക്കും.ദേശീയ പാതകളിൽ ഓരോ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസുകളെ വിന്യസിക്കും. സർക്കാർ ആശുപത്രികൾക്കു പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും പദ്ധതിയിൽ പ്രയോജനപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News