ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹമാരണാര്‍ഥം സംഘടിപ്പിക്കുന്ന കൊല്ലം ഫോര്‍ കേരള ( K4K) അഖിലേന്ത്യാ വോളിബോള്‍-കബഡി ടൂര്‍ണമെന്റുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒക്‌ടോബര്‍ 26 ന് വൈകിട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, എംപിമാര്‍, എം എല്‍ എമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിവിധ സംസ്ഥാനങ്ങളിലെ ദേശീയനിലവാരമുള്ള ടീമുകളാകും ടൂര്‍ണമെന്റുകളില്‍ മാറ്റുരയ്ക്കുക. ഇന്ത്യന്‍ നേവി, ബി എസ് എഫ്, ഐ ഒ ബി ചെന്നൈ, ബി പി സി എല്‍, കേരള പൊലീസ്, കെ എസ് ഇ ബി തുടങ്ങിയ പ്രമുഖ വോളിബോള്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഒരു ദിവസം രണ്ട് മത്സരങ്ങള്‍ നടക്കും. ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷന്‍ ഭാരവാഹികളായിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുക.

കബഡിയില്‍ അഞ്ചുവീതം പുരുഷ-വനിതാ ടീമുകളെയാണ് പ്രതീക്ഷിക്കുന്നത്. ഒരു ദിവസം ആറ് കബഡി മത്സരങ്ങള്‍ നടക്കും. ഡല്‍ഹി എസ് എസ് ബി, സായി ഇന്ത്യ, ഐ സി എഫ് ചെന്നൈ തുടങ്ങി പ്രമുഖ ടീമുകളെ ഇതിനോടകം ക്ഷണിച്ചിട്ടുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസാണ് ടൂര്‍ണമെന്റുകളുടെ സംഘാടക സമിതി ഓഫീസായി പ്രവര്‍ത്തിക്കുക.

ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, സ്പോര്‍ട്സ് കൗണ്‍സില്‍-ക്വയിലോണ്‍ അത്ലറ്റിക് ക്ലബ്, വിവിധ കായിക സംഘടനകള്‍, സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവയുടെ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സംഘാടക സമിതിക്ക് രൂപം നല്‍കി. നിയോജക മണ്ഡല-താലൂക്കുതല തുടര്‍യോഗങ്ങള്‍ വരുംദിവസങ്ങളില്‍ നടക്കും. എം എല്‍ എ മാരുടെ നേതൃത്വത്തിലുള്ള യോഗങ്ങളുടെ സംഘാടന ചുമതല തഹസില്‍ദാര്‍മാര്‍ക്കാണ്.
കലക്‌ട്രേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ എം നൗഷാദ് എം എല്‍ എ, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, വൈസ് പ്രസിഡന്റ് കെ രാമഭദ്രന്‍, കബഡി അസോസിയേഷന്‍ സെക്രട്ടറി കെ വിജയകുമാര്‍, വോളിബോള്‍ അസോസിയേഷന്‍ പ്രസഡന്റ് ബി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി കൊല്ലം ഫോര്‍ കേരള ( K4K) എന്ന പേരില്‍ ജില്ലാ ഭരണകൂടത്തിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബോള്‍-കബഡി ടൂര്‍ണമെന്റിന് ഉചിതമായ ലോഗോ ക്ഷണിച്ചു. രചനകള്‍ മൗലികവും വിഷയത്തിന്റെ സമഗ്രത ഉള്‍ക്കൊള്ളുന്നതുമാകണം. അതിജീവനവും കേരളത്തിന്റെ നവനിര്‍മിതിയുമാണ് ലോഗോയില്‍ പ്രതിഫലിക്കേണ്ടത്. തിരഞ്ഞെടുക്കുന്ന ലോഗോ-യ്ക്ക് സമ്മാനം നല്‍കും. ഈ മാസം 30 നകം ലോഗോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ prdkollam@gmail.com എന്ന വിലാസത്തിലോ ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ 0474-2794911 നമ്പരില്‍ ലഭിക്കും.