പരീക്ഷാനടത്തിപ്പ്‌ അവശ്യ സർവീസാക്കാൻ സർക്കാരിനോട്‌ ശുപാർശ ചെയ്യാൻ പിഎസ്‌സി

പരീക്ഷാനടത്തിപ്പ്‌ അവശ്യസർവീസായി പ്രഖ്യാപിക്കാൻ സർക്കാരിനോട്‌ ശുപാർശ ചെയ്യാൻ പിഎസ്‌സി തീരുമാനം. ഇൻവിജിലേറ്റർമാരായി അധ്യാപകരുടെ സേവനം പൂർണമായും പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ നടപടി. പരീക്ഷാകേന്ദ്രങ്ങളിൽ പൊലീസിന്റെ സേവനം ലഭ്യമാക്കണം എന്നതടക്കമുള്ള ശുപാർശകൾ സർക്കാരിന്‌ സമർപ്പിക്കും.

ഭരണഘടനാസ്ഥാപനമായ പിഎസ്‌സിയുടെ പരീക്ഷാ നടത്തിപ്പിന്‌ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക്‌ സമാനമായി അധ്യാപകരുടെ സേവനം ഉറപ്പാക്കണം. ഇൻവിജിലേറ്റർമാരായി അധ്യാപകരെ നിർബന്ധമായും ഉറപ്പാക്കാനുള്ള നടപടികൾ പിഎസ്‌സി ചെയർമാൻ എം കെ സക്കീർ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവുമായി ചർച്ചചെയ്‌തു. ആവശ്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും പിഎസ്‌സിയെ ശക്തിപ്പെടുത്താൻ സർക്കാരിൽനിന്ന്‌ എല്ലാ സഹായവും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

പരീക്ഷാകേന്ദ്രങ്ങളിൽ നിർദേശങ്ങൾ കർക്കശമായി പാലിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ചീഫ്‌ സൂപ്രണ്ടിനും അസിസ്റ്റന്റ്‌ ചീഫ്‌ സൂപ്രണ്ടിനും നൽകുന്ന ചെക്ക്‌ലിസ്റ്റ്‌ കർശനമാക്കും. വാക്കാലുള്ള നിർദേശത്തിനുപുറമെ ഉദ്യോഗാർഥികളെ പരിശോധിക്കാനുള്ള ചുമതലയും ഇൻവിജിലേറ്റർമാർക്കുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട്‌ നടന്നാൽ ഇൻവിജിലേറ്റർമാരും ഉത്തരവാദികളാകും. ചുറ്റുമതിൽ ഇല്ലാത്ത സ്‌കൂളുകളിൽ നിശ്ചിതസമയത്തിനുശേഷവും പരീക്ഷാവേളയിലും മറ്റും പുറത്തുനിന്ന്‌ ആളുകൾ പ്രവേശിക്കുന്നത്‌ തടയാനാണ്‌ പൊലീസിന്റെ സഹായം തേടുന്നത്‌.

ഇതിനായി സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർമാർക്ക്‌ നിർദേശം നൽകണമെന്നാണ്‌ പിഎസ്‌സിയുടെ ആവശ്യം. അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, നീലയോ കറുപ്പോ ബോൾപോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാഹാളിൽ അനുവദിക്കൂ. പരീക്ഷാകേന്ദ്രത്തിന്റെ കോമ്പൗണ്ടിലേക്ക് അഡ്മിഷൻ ടിക്കറ്റുള്ള ഉദ്യോഗാർഥികൾ മാത്രമാണ്‌ പ്രവേശിക്കുന്നതെന്ന്‌ ഉറപ്പാക്കും. നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ സ്ഥിരം വിലക്ക്‌ ഉൾപ്പെടെയുള്ള കർക്കശനടപടികൾ സ്വീകരിക്കാനാണ്‌ പിഎസ്‌സി തീരുമാനം.

പരീക്ഷാഹാളിൽ ഇവ പാടില്ല
പാഠ്യവസ്തുക്കൾ, കടലാസ് തുണ്ട്‌, ജ്യാമിതീയ ഉപകരണം, ബോക്സ്‌, പ്ലാസ്റ്റിക് കവർ, റബർ, എഴുത്തുപാഡ്, ലോഗരിതം പട്ടിക, പേഴ്സ്, പൗച്ച്, പെൻഡ്രൈവ്, കാൽക്കുലേറ്റർ, ഇലക്ട്രോണിക് പേന, സ്കാനർ, ഹെൽത്ത് ബാൻഡ്, ക്യാമറ പെൻ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർ ഫോൺ, മൈക്രോ ഫോൺ, പേജർ, റിസ്റ്റ് വാച്ച്, സ്മാർട്ട് വാച്ച്, ക്യാമറാ വാച്ച്, ഭക്ഷണവസ്തുക്കൾ, കുപ്പിവെള്ളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here