മരടിൽ ശക്തമായ നീക്കവുമായി സർക്കാർ.. നീക്കങ്ങൾ ഇങ്ങനെ…

കൊച്ചി മരടിലെ ഫ്ലാറ്റുകളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ മരട് മുനിസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകി. ഈ മാസം ഇരുപത്തി ഏഴിനകം വെള്ളവും ഗ്യാസും വൈദ്യുതിയും വിച്ഛേദിക്കാൻ ആണ് സെക്രട്ടറിയുടെ നിർദ്ദേശം. അതേസമയം ഫ്ലാറ്റ് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്ന് മരട് മുനിസിപ്പൽ സെക്രട്ടറിയെ മാറ്റി പകരം ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐഎഎസിനെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു.

മരടിലെ ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി സർക്കാർ മുന്നോട്ട് നീങ്ങുന്നു എന്ന സൂചന നൽകിയാണ് അടിയന്തര പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ടോടെ മരട് മുനിസിപ്പൽ സെക്രട്ടറി ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുത കണക്ഷൻ വിച്ഛേദിക്കാൻ ആവശ്യപ്പെട്ട് കെഎസ്ഇബിക്ക്‌ നോട്ടീസ് നൽകി. ഫ്ലാറ്റുകളിലേക്ക് ഉള്ള പാചക വാതക കണക്ഷൻ, വെള്ളത്തിൻറെ കണക്ഷൻ എന്നിവ വിച്ഛേദിക്കാനും സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെ നടപടി ഖേദകരമാണ് എന്നായിരുന്നു ഫ്ലാറ്റ് ഉടമകളുടെ പ്രതികരണം. കേസിൽ അന്തിമ ജയം തങ്ങൾക്ക് ആകുമെന്നും സർക്കാരിലും കോടതിയിലും പ്രതീക്ഷയുണ്ടെന്നും ഫ്ലാറ്റ് ഉടമകൾ കൈരളി ന്യൂസിനോട് പറഞ്ഞു.

അതേ സമയം ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതും പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും മുനിസിപ്പൽ സെക്രട്ടറിയെ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഫോർട്ട് കൊച്ചി സബ് കളക്ടറായ സ്നേഹിൽ കുമാർ സിംഗ് ഐഎഎസി ന് മുനിസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകിക്കൊണ്ട് ചൊവ്വാഴ്ച വൈകീട്ടോടെ ജോയിന്റ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. ഫ്ളാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച പൂർണ ഉത്തരവാദിത്വം സർക്കാരിന്റെ തലയിൽ കെട്ടി വെച്ച് ഒഴിഞ്ഞ് മാറാൻ മരട് നഗരസഭാ ശ്രമിച്ചു കൊണ്ട് ഇരിക്കവെ ആണ് സർക്കാരിന്റെ നടപടി. അതേ സമയം ഫ്ലാറ്റുകളിൽ നിന്ന് ഒഴിപ്പിക്കപ്പെടുന്ന താമസക്കാർക്ക് താൽക്കാലിക പുനരധിവാസം ഒരുക്കാമെന്ന് ജില്ലാ ഭരണകൂടം നേരത്തെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News