ബിജെപിയുമായുള്ള കോൺഗ്രസിന്റെ വോട്ടുകച്ചവടം പതിവ് രീതി; പാലായിൽ നേതൃത്വം നൽകിയത് ചെന്നിത്തല; എ വിജയരാഘവൻ

തെരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി എക്കാലത്തും കോൺഗ്രസ്‌ നേതാക്കൾ നടത്താറുണ്ടെന്നും പാലായിൽ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നേരിട്ടാണ്‌ വോട്ടുകച്ചവടത്തിന്‌ നേതൃത്വം നൽകിയതെന്നും എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാലായിൽ തെരഞ്ഞെടുപ്പിന്‌ നേതൃത്വം നൽകിയത്‌ കോൺഗ്രസാണ്‌. അവിടെ ബിജെപി വോട്ടുകൾ യുഡിഎഫ്‌ വാങ്ങിയതായി തെളിവു പുറത്തുവന്നിരിക്കുകയാണ്‌. എങ്കിലും പാലായിൽ എൽഡിഎഫ്‌ ജയിക്കും.

പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളത്‌. ജനവിരുദ്ധ നയങ്ങളും തീവ്രവർഗീയ നിലപാടും തുടരുകയാണ്‌ മോഡി സർക്കാർ. മുൻ യുഡിഎഫ്‌ സർക്കാരിന്റെ കാലത്തെ അഴിമതികൾ ഒന്നൊന്നായി പുറത്തുവരികയാണ്‌. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ അഞ്ചിടത്തും വൻ വിജയം നേടുമെന്നും വിജയരാഘവൻ പറഞ്ഞു.

എൽഡിഎഫ്‌ കൺവൻഷനുകൾ 29നും 30നും
ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച അഞ്ച്‌ നിയോജകമണ്ഡലത്തിൽ എൽഡിഎഫ്‌ മണ്ഡലം കൺവൻഷനുകൾ 29, 30 തീയതികളിൽ നടക്കും. ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റി യോഗം ഉപതെരഞ്ഞെടുപ്പ്‌ ഒരുക്കം ചർച്ചചെയ്‌തതായി കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മഞ്ചേശ്വരം, കോന്നി, വട്ടിയൂർക്കാവ്‌ നിയോജകമണ്ഡലം കൺവൻഷൻ 29നും അരൂർ, എറണാകുളം കൺവൻഷനുകൾ 30നും നടക്കും. എൽഡിഎഫ്‌ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. അഞ്ചിടത്തും സിപിഐ എം സ്ഥാനാർഥികളെ നിശ്‌ചയിക്കും. എൽഡിഎഫ്‌ പഞ്ചായത്ത്‌/ മേഖലാ, ബൂത്തുതല കമ്മിറ്റികൾ ഒക്ടോബർ അഞ്ചിനകം രൂപീകരിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here