ഓർത്തഡോക്‌സ്‌ യാക്കോബായ തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിൽ ആണ് ഓർത്തഡോക്സ് വിഭാഗം പ്രവേശിക്കാനെത്തിയത്‌. എന്നാൽ, ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറാതിരിക്കാൻ പള്ളിയുടെ പ്രധാന ഗേറ്റ്‌ പൂട്ടി ഉള്ളിലിരുന്ന്‌ പ്രതിഷേധിക്കുകയാണ്‌ യാക്കോബായ വിഭാഗം. ഇതോടെ പ്രദേശത്ത്‌ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശം നൽകിയതിനെ തുടർന്നാണ്‌ ഓർത്തഡോക്‌സ്‌ വിഭാഗം ഇന്ന്‌ പള്ളിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നത്‌. സുപ്രീംകോടതി വിധി നടപ്പാക്കാൻ പൊലീസ്‌ നടപടി സ്വീകരിക്കണം എന്നും ഹൈക്കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌. ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ പി ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് മതപരമായ ചടങ്ങുകൾ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് കഴിഞ്ഞ ദിവസം പൊലീസ് കളക്ടർക്ക് റിപ്പോർട്ട് നല്‍കിയിരുന്നു.

ഒന്നര വർഷം മുൻപ് തന്നെ മലങ്കര തർക്കം നിലനിൽക്കുന്ന പിറവം പള്ളി 1934ലെ ഭരണഘടനാ അംഗീകരിക്കുന്നവരാൽ ഭരിക്കപ്പെടണം എന്ന്‌ ഉത്തരവിറക്കിയിരുന്നു. ഉത്തരവിനെ തുടർന്ന് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറേണ്ടി വന്നിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം പിറവം സെന്റ് മേരിസ് പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്നും ഓർത്തഡോക്സ് വിഭാഗം താല്‍കാലികമായി പിന്മാറിയിരുന്നു. പൊലീസിന്റെ അഭ്യർത്ഥന മാനിച്ചാണ് പള്ളിയിൽ പ്രവേശിക്കാതിരുന്നതെന്നും ബുധനാഴ്ച പള്ളിയിൽ പ്രവേശിക്കുമെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് വ്യക്തമാക്കിയിരുന്നു.