മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങി; വൈദ്യുതിയും വെള്ളവും നാളെ വിച്ഛേദിക്കും

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഫ്‌ലാറ്റുകളിലെ വൈദ്യുതിയും വെള്ളവും നാളെ വിച്ഛേദിക്കും. കെഎസ്ഇബി ഫ്‌ലാറ്റുകളില്‍ മുന്നറിയിപ്പ് നോട്ടീസുകള്‍ പതിച്ചു. പൊളിക്കല്‍ എന്ന് തുടങ്ങും എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് മരട് നഗരസഭാ സെക്രട്ടറിയുടെ അധികച്ചുമതല നിര്‍വ്വഹിക്കുന്ന സ്‌നേഹില്‍ കുമാര്‍ ഐഎഎസ് പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ഫ്‌ലാറ്റുകളില്‍ വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ മരട് നഗരസഭാ സെക്രട്ടറി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് കെ എസ് ഇ ബി ജീവനക്കാര്‍ ഫ്‌ലാറ്റുകളിലെത്തി നോട്ടീസ് പതിച്ചത്. നഗരസഭയുടെ നിര്‍ദേശമനുസരിച്ച് നാളെ വൈദ്യുതി വിച്ഛേദിക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.

വാട്ടര്‍ അതോറിറ്റിയും നടപടിയുമായി മുന്നോട്ട് പോവുകയാണ്. ഫ്‌ലാറ്റുകള്‍ പൊളിക്കല്‍ നടപടി പൂര്‍ത്തിയാകുംവരെ മരട് നഗരസഭയുടെ അധികച്ചുമതലവഹിക്കുന്ന ഫോര്‍ട്ട് കൊച്ചി സബ്ബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ് നഗരസഭിലെത്തി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി.

വെള്ളം വൈദ്യുതി ഗ്യാസ് കണക്ഷനുകള്‍ വിച്ഛേദിക്കുന്ന നടപടികള്‍ 27നകം പൂര്‍ത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം.അതേ സമയം കുടിവെള്ള ടാങ്കില്‍ വെള്ളം ശേഖരിച്ച് താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും നടപടികളെ പ്രതിരോധിക്കാനാണ് ഫ്‌ലാറ്റുടമകളുടെ തീരുമാനം. കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ഫ്‌ലാറ്റുടമകള്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News