പാലാരിവട്ടം പാലം അഴിമതിക്കേസ്: ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്തു

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്തു. മൂവാറ്റുപുഴ സബ്ബ് ജെയിലിലെത്തിയാണ് വിജിലന്‍സ് സംഘം സൂരജിനെ ചോദ്യം ചെയ്തത്. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ സൂരജ് നിര്‍ണ്ണായക മൊഴി നല്‍കിയെന്നാണ് സൂചന.

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണ് കരാര്‍ കമ്പനിക്ക് നിയമവിരുദ്ധ സഹായം നല്‍കിയതെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ടി ഒ സൂരജിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തത്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടല്‍ സംബന്ധിച്ചുള്ള രേഖകള്‍ തന്റെ കൈവശമുണ്ടെന്നും സൂരജ് അവകാശപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ സൂരജ് വിജിലന്‍സിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന.

കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ പങ്കിനെക്കുറിച്ച് സസൂക്ഷ്മം അന്വേഷിക്കുന്ന വിജിലന്‍സിന് ഇന്നത്തെ ചോദ്യം ചെയ്യലില്‍ പ്രധാന തെളിവുകളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. കരാര്‍ കമ്പനിയെ വഴിവിട്ട് സഹായിക്കാന്‍ നടന്ന ഉന്നതതല ഗൂഢാലോചനയെക്കുറിച്ചുള്‍പ്പടെ മുന്‍പ് വെളിപ്പെടുത്താത്ത മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും സൂരജ് പറഞ്ഞതായാണ് വിവരം. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതി പ്രകാരം രാവിലെ 10 മണി മുതല്‍ 1 മണി വരെയായിരുന്നു ടി ഒ സൂരജിനെ ചോദ്യം ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി ആര്‍ അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News