അന്തര്‍ സംസ്ഥാന നദീജല കരാര്‍ പുനരവലോകനം ചെയ്യും; തീരുമാനം കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍

പറമ്പിക്കുളം – ആളിയാര്‍ ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന നദീജല കരാറുകളില്‍ പുതിയ നടപടികളുമായി കേരളവും തമിഴ്‌നാടും. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുനരവലോകനം ചെയ്യാന്‍ കേരള – തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചു. നദീജല പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിതല സമിതിയെയും യോഗം ചുമതലപ്പെടുത്തി.

രണ്ട് ദശാബ്ദത്തിനൊടുവിലാണ് കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗം ചേര്‍ന്നത്. അതീവ ഗൗരവ പ്രശ്‌നമായ അന്തര്‍ സംസ്ഥാന നദീജല കരാറുകളില്‍ പുതിയ നടപടികള്‍ക്കാണ് യോഗം തുടക്കംകുറിച്ചത്. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുനഃരവലോകനം ചെയ്യും. ഇതിനായി ചീഫ് സെക്രട്ടറിതല സമിതിയെ രൂപികരിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഇരു സംസ്ഥാനങ്ങളില്‍ നിന്നും 5 പേര്‍ അടങ്ങുന്നതാകും സമിതി. ഒരാഴ്ചക്കുള്ളില്‍ സമിതിയുടെ ആദ്യ യോഗം ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ഇരു സംസ്ഥാനങ്ങള്‍ക്കിടയിലുള്ള മറ്റ് നദീജല വിഷയങ്ങളും ഇതെ സമിതി പരിശോധിക്കും. മുല്ലപ്പെരിയാറില്‍ നിന്നും വൈദ്യുതി നല്‍കാനും യോഗത്തില്‍ ധാരണയായി. ചീഫ് സെക്രട്ടറിമാര്‍ 6 മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും.

മുഖ്യമന്ത്രിമാര്‍ക്ക് പുറമെ ഇരു സംസ്ഥാനങ്ങളിലെയും ജല- വൈദ്യുതി- വനം- പരിസ്ഥിതി മന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here