പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന അമേരിക്കന്‍ സന്ദര്‍ശനം പതിവില്ലാത്ത ചില ‘കാര്യപരിപാടികളും’ പ്രഖ്യാപനങ്ങളുംകൊണ്ട് അങ്ങേയറ്റം അസാധാരണത്വം നിറഞ്ഞതായി. ഒരാഴ്ചയോളം നീളുന്ന സന്ദര്‍ശനത്തിന്റെ ആദ്യദിനംതൊട്ട് വ്യാപകമായ പ്രതിഷേധവും വിവാദങ്ങളുമുയര്‍ന്നുകഴിഞ്ഞു. രണ്ടു ഭരണാധികാരികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയായി നരേന്ദ്ര മോഡി– ഡോണള്‍ഡ് ട്രംപ് ചര്‍ച്ചകളെ ലോകം നിരീക്ഷിക്കുന്നുണ്ടെന്നതും സന്ദര്‍ശനത്തിന്റെ പ്രത്യേകതയായി. ഹൂസ്റ്റണില്‍ ഞായറാഴ്ച സംഘടിപ്പിച്ച ‘ഹൗഡി മോഡി’ പരിപാടിക്കെതിരെ അമേരിക്കയിലെ ഇന്ത്യക്കാര്‍ ഉയര്‍ത്തിയ പ്രതിഷേധം ചെറുതായിരുന്നില്ല. പ്രതിഷേധക്കാര്‍ ഉന്നയിച്ച വിഷയങ്ങളാകട്ടെ മോഡി ഭരണത്തില്‍ ഇന്ത്യ നേരിടുന്ന വിവിധങ്ങളായ ആപത്തുകളും ഉല്‍ക്കണ്ഠകളുമാണ്. ഹൂസ്റ്റണില്‍ മോഡി പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പ്രതിഷേധത്തിന്റെ പ്രസക്തി വര്‍ധിക്കുകയും ചെയ്യുന്നു.