ഭാവിയിലേക്കുള്ള കേരളവികസനത്തിന്റെ സ്ഥിരനിക്ഷേപമാണ് കിഫ്ബി. ഈ മാന്ദ്യകാലത്ത് കേരളസമ്പദ്ഘടനയുടെ ഏറ്റവും വലിയ ഉത്തേജനം കിഫ്ബിയില്‍നിന്നായിരിക്കും. മാന്ദ്യത്തിന്റെ മരവിപ്പ് ബാധിക്കാതെ നമ്മുടെ സമ്പദ്ഘടനയെ ചലിപ്പിക്കുകയും ദീര്‍ഘവീക്ഷണത്തോടെയുള്ള കേരളവികസനം യാഥാര്‍ഥ്യമാക്കുകയും ചെയ്യുകയാണ് കിഫ്ബിയുടെ ദൗത്യം. ബജറ്റിനുപുറത്ത് പണം കണ്ടെത്തി സംസ്ഥാനവികസനത്തില്‍ നിക്ഷേപിക്കുന്ന ഇത്തരം ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡുകള്‍ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. കേന്ദ്രസര്‍ക്കാരിനുമുണ്ട് സമാനമായ സംവിധാനം.ഏറ്റവും സുതാര്യമായാണ് കേരളം കിഫ്ബി പ്രോജക്ടുകള്‍ നടപ്പാക്കുന്നത്. നിയമസഭയില്‍ പ്രഖ്യാപിച്ചതോ മന്ത്രിസഭ അംഗീകരിച്ചതോ ആയ പദ്ധതികള്‍മാത്രമേ കിഫ്ബി ഏറ്റെടുക്കുകയുള്ളൂ. പണം കണ്ടെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും തിരിച്ചടവിന്റെ രീതിയെക്കുറിച്ചും നിയമസഭ അംഗീകരിച്ച പരിപാടിയുണ്ട്. വായ്പയെക്കുറിച്ചും പലിശയെക്കുറിച്ചുമൊക്കെ നിയമസഭയെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യക്ക് അകത്തുനിന്നും പുറമെനിന്നുമുള്ള വിവിധ സ്രോതസ്സുകളില്‍നിന്നാണ് പദ്ധതിച്ചെലവ് കണ്ടെത്തുന്നത്. ഇത് ഉറപ്പാക്കുന്നതിനുവേണ്ടി കിഫ്ബി അതിന്റെ പ്രവര്‍ത്തനമേഖലകളില്‍ സുതാര്യതയും അന്താരാഷ്ട്രനിലവാരവും നിലനിര്‍ത്തിവരുന്നു.