ഹരിയാനയില്‍ ബിജെപി നേതൃത്വം പ്രതിസന്ധിയില്‍; സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ പോലും കഴിയുന്നില്ല

ഹരിയാനയില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കഴിയാതെ പ്രതിസന്ധിയില്‍ ബിജെപി നേതൃത്വം. ഹരിയാന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ യോഗത്തിലും തീരുമാനമായില്ല. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക നിശ്ചയിക്കാന്‍ 29ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ പങ്കെടുക്കും.

90 സീറ്റില്‍ 75ല്‍ കൂടുതല്‍ സീറ്റുകള്‍ ഹരിയാനയില്‍ നേടുമെന്നാണ് ബിജെപി പ്രഖ്യാപനം. എന്നാല്‍ ഇതുവരെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലും തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല.

യോഗത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറും, മറ്റ് സംസ്ഥാന നേതാക്കളും പങ്കെടുത്തു. തെരഞ്ഞെടുപ്പില്‍ കുടുംബവാഴ്ച വേണ്ടെന്ന തീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊണ്ടിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ നേതാക്കളുടെയോ നേരത്തെ തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെയോ ബന്ധുക്കള്‍ക്ക് സീറ്റ് നല്കില്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്.

ഇതിനെതിരെ സംസ്ഥാന നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാണ്. ഇതോടെയാണ് 29ന് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കാന്‍ തീരുമാനിച്ചത്. ഹരിയാനക്ക് പുറമെ മഹാരാഷ്ട്രയിലെ സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടികയും അന്ന് തന്നെ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel