സംഘര്‍ഷം നിലയ്ക്കാതെ പിറവത്തെ ദേവാലയം; ഇതുവരെ സംഭവിച്ചത്

പിറവം സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നതിനിടെ യാക്കോബായ വൈദിക ട്രസ്റ്റി ഉള്‍പ്പടെ 67 പേര്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

നൂറ്റി നാല്‍പ്പത്തി നാലാം വകുപ്പ് പ്രകാരം രണ്ട് മാസത്തേക്കാണ് പള്ളിയിലേയ്ക്കും പള്ളി പരിസരത്തെയ്ക്കും പ്രവേശിക്കുന്നതിന് 67 പേര്‍ക്ക് ജില്ലാ കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അതേ സമയം യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശന കവാടത്തിന് പുറത്തും പ്രതിഷേധവുമായി തുടരുകയാണ്. കനത്ത പോലീസ് കാവലാണ് പള്ളി പരിസരത്ത് ഒരുക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രി മുതല്‍ പള്ളിക്കകത്താണ് യാക്കോബായ സഭാ വിശ്വാസികള്‍. തങ്ങളുടെ ആരാധനാലയങ്ങള്‍ വിട്ട് നല്‍കില്ലെന്ന് പ്രഖ്യാപിച്ച് പള്ളി അങ്കണത്തില്‍ ഗേറ്റ് പൂട്ടിയാണ് യാക്കോബായ വിഭാഗം പ്രതിരോധിച്ചത്. ആയിരത്തോളം വരുന്ന കുടുംബങ്ങളെ ഇരുന്നൂറ് കുടുംബങ്ങള്‍ക്ക് വേണ്ടി പുറത്താക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ നിലപാട്.

എന്നാല്‍ കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളുടെ പ്രതികരണം. പൊലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട ഇവര്‍ യാക്കോബായ വിഭാഗം അടച്ച് പൂട്ടിയ പ്രധാന കവാടത്തിന് മുന്നില്‍ ഇരുന്ന് പ്രതിഷേധിച്ചു.

പ്രധാന കവാടം തുറക്കാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റൊരു ഗേറ്റ് വഴി ഓര്‍ത്തഡോക്‌സ് വിശ്വാസികളെ പള്ളിക്കകത്ത് കയറ്റാന്‍ പൊലീസ് സന്നദ്ധമായിരുന്നു. ഇതിനായി ആയിരത്തിലധികം പൊലീസുകാരെ പള്ളിയില്‍ വിന്യസിച്ചിരുന്നു.

ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് യാക്കോബായ ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ ഉള്‍പ്പടെ 67 പേര്‍ അടുത്ത രണ്ട് മാസത്തേക്ക് 144 ആം വകുപ്പ് പ്രകാരം പള്ളിയിലോ പരിസരത്തോ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്.  ഇവര്‍ പള്ളിക്ക് അകത്ത് ഉണ്ടോ എന്ന് പരിശോധിക്കാന്‍ പോലീസ് കയറിയത് പ്രതിഷേധം ശക്തമാകാന്‍ കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News