പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ 450 കോടി രൂപയുടെ കിഫ്ബി പദ്ധതികളിൽ നിർമാണം ആരംഭിച്ചുക‍ഴിഞ്ഞു; ഇവയെക്കുറിച്ച് ഒരു പരാതിയും ആക്ഷേപവും അദ്ദേഹം ഉന്നയിച്ചിട്ടില്ല; സ്വന്തം മണ്ഡലത്തിൽ കിഫ്ബി വേണം, കേരളത്തിന്‌ മൊത്തത്തിൽ വേണ്ട എന്നാണോ അദ്ദേഹത്തിന്റെ നിലപാട്? രമേശ് ചെന്നിത്തലയോട് ഡോ. തോമസ് ഐസക്

പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തിൽ 450 കോടി രൂപയുടെ കിഫ്ബി പദ്ധതികളിൽ നിർമാണം ആരംഭിച്ചുക‍ഴിഞ്ഞു; ഇവയെക്കുറിച്ച് ഒരു പരാതിയും ആക്ഷേപവും അദ്ദേഹം ഉന്നയിച്ചിട്ടില്ല; സ്വന്തം മണ്ഡലത്തിൽ കിഫ്ബി വേണം, കേരളത്തിന്‌ മൊത്തത്തിൽ വേണ്ട എന്നാണോ അദ്ദേഹത്തിന്റെ നിലപാട്? രമേശ് ചെന്നിത്തലയോട് ഡോ. തോമസ് ഐസക്.

മന്ത്രിയുടെ കുറിപ്പ് പൂർണ്ണരൂപത്തിൽ:

ഭാവിയിലേക്കുള്ള കേരളവികസനത്തിന്റെ സ്ഥിരനിക്ഷേപമാണ് കിഫ്ബി. ഈ മാന്ദ്യകാലത്ത് കേരളസമ്പദ്ഘടനയുടെ ഏറ്റവും വലിയ ഉത്തേജനം കിഫ്ബിയിൽനിന്നായിരിക്കും. മാന്ദ്യത്തിന്റെ മരവിപ്പ്‌ ബാധിക്കാതെ നമ്മുടെ സമ്പദ്ഘടനയെ ചലിപ്പിക്കുകയും ദീർഘവീക്ഷണത്തോടെയുള്ള കേരളവികസനം യാഥാർഥ്യമാക്കുകയും ചെയ്യുകയാണ് കിഫ്ബിയുടെ ദൗത്യം. ബജറ്റിനുപുറത്ത് പണം കണ്ടെത്തി സംസ്ഥാനവികസനത്തിൽ നിക്ഷേപിക്കുന്ന ഇത്തരം ഇൻവെസ്റ്റ്മെന്റ് ബോർഡുകൾ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. കേന്ദ്രസർക്കാരിനുമുണ്ട് സമാനമായ സംവിധാനം.

സുതാര്യതയും അന്താരാഷ്‌ട്രനിലവാരവും
ഏറ്റവും സുതാര്യമായാണ് കേരളം കിഫ്ബി പ്രോജക്ടുകൾ നടപ്പാക്കുന്നത്. നിയമസഭയിൽ പ്രഖ്യാപിച്ചതോ മന്ത്രിസഭ അംഗീകരിച്ചതോ ആയ പദ്ധതികൾമാത്രമേ കിഫ്ബി ഏറ്റെടുക്കുകയുള്ളൂ. പണം കണ്ടെത്താനുള്ള മാർഗങ്ങളെക്കുറിച്ചും തിരിച്ചടവിന്റെ രീതിയെക്കുറിച്ചും നിയമസഭ അംഗീകരിച്ച പരിപാടിയുണ്ട്. വായ്‌പയെക്കുറിച്ചും പലിശയെക്കുറിച്ചുമൊക്കെ നിയമസഭയെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യക്ക് അകത്തുനിന്നും പുറമെനിന്നുമുള്ള വിവിധ സ്രോതസ്സുകളിൽനിന്നാണ് പദ്ധതിച്ചെലവ് കണ്ടെത്തുന്നത്. ഇത് ഉറപ്പാക്കുന്നതിനുവേണ്ടി കിഫ്‌ബി അതിന്റെ പ്രവർത്തനമേഖലകളിൽ സുതാര്യതയും അന്താരാഷ്ട്രനിലവാരവും നിലനിർത്തിവരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് തുടർച്ചയായ രണ്ടാംവർഷവും മുൻ നിര റേറ്റിങ് ഏജൻസികൾ കിഫ്‌ബിക്ക്‌ മികച്ച റേറ്റിങ് നിലനിർത്തിയത്.

എന്നാൽ, നമ്മുടെ പ്രതിപക്ഷനേതാവും ഒരു വിഭാഗം മാധ്യമങ്ങളും കിഫ്ബിയെ വിവാദവിഷയമാക്കാൻ പരിതാപകരമായ വാശി പ്രകടിപ്പിക്കുകയാണ്. എങ്ങനെയെങ്കിലും അഴിമതിയുടെ പുകമറ സൃഷ്ടിച്ചുകിട്ടണം. അതാണ് വാശി. കഴിഞ്ഞ യുഡിഎഫ്കാലം ഓർമയുണ്ടല്ലോ. ആ സർക്കാരിന്റെ അഴിമതികൾ ഒന്നൊന്നായി പുറത്തുവരികയാണ്. അതുസംബന്ധിച്ച വാർത്തകളിലും വിശകലനങ്ങളിലുംനിന്ന് ശ്രദ്ധ മറച്ചുവയ്‌ക്കാൻ എന്തു ചെയ്യണമെന്നറിയാതെ പരക്കംപായുകയാണ് പ്രതിപക്ഷ നേതാവും കൂട്ടരും.

അവരുടെ നിരാശ മനസ്സിലാക്കാവുന്നതേയുള്ളൂ. കിഫ്ബി ആകാശകുസുമമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ആക്ഷേപം. ആകാവുന്ന ഉച്ചത്തിൽ അദ്ദേഹമിക്കാര്യം പരിഹസിച്ചുനടന്നു. തന്റെ മണ്ഡലത്തിലടക്കം കിഫ്ബി പദ്ധതികൾ നിർമാണമാരംഭിച്ചപ്പോൾ ചുവടുമാറ്റി. അഞ്ചുകോടിയും മൂന്നു കോടിയും മുതൽമുടക്കിൽ കേരളത്തിലങ്ങോളമിങ്ങോളം വിദ്യാലയങ്ങൾ, സ്‌മാർട്ട്‌ ക്ലാസ് മുറികൾ, ആശുപത്രികളിൽ കാത്ത് ലാബുകൾ, റോഡുകൾ, പാലങ്ങൾ, റെയിൽവേ ഓവർ ബ്രിഡ്‌ജുകൾ… നിർമാണം തുടങ്ങിയതും സാങ്കേതികാനുമതി ലഭിച്ചതുമായ എത്രയോ പദ്ധതികൾ കൺമുന്നിൽ ഉയർന്നു തുടങ്ങിയപ്പോൾ ആദ്യവിമർശനം ആവർത്തിക്കുന്നത് അനുചിതമാണെന്ന് വന്നു.

അപ്പോൾപ്പിന്നെ ഈ പദ്ധതികൾക്ക് പണമെവിടെനിന്ന് എന്നായി ചോദ്യം. പതിനായിരത്തോളം കോടി രൂപ വിവിധ ഏജൻസികളിൽനിന്നായി ടൈ അപ്പ് ചെയ്‌തുകഴിഞ്ഞു. മസാലാബോണ്ടിന്റെ വിജയംകൂടി ആയപ്പോൾ പണം കിട്ടുമോ ഇല്ലയോ എന്ന സംശയത്തിന് അടിസ്ഥാനമില്ലാതായി. പണം കിട്ടുമെന്നായപ്പോൾ പലിശയെക്കുറിച്ചായി തർക്കം. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കേരളത്തിന്റെ കിഫ്ബി ലിസ്റ്റു ചെയ്യപ്പെടുകയും മാധ്യമങ്ങൾ സർക്കാരിനെ അതിന്റെപേരിൽ പ്രകീർത്തിക്കുകയും ചെയ്‌തതോടെ പ്രതിപക്ഷനേതാവിന്റെ ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടു. ബോണ്ട്‌ വിൽക്കാൻ കമീഷൻ വാങ്ങി എന്ന് അദ്ദേഹം നിയമസഭയിലും പുറത്തും ബഹളം വച്ചു. അടിയന്തരപ്രമേയം അവതരിപ്പിച്ചു. സർക്കാരിന് ഒന്നും ഒളിക്കാനില്ലാത്തതിനാൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നൽകി. ചർച്ചയിൽ തങ്ങളുടെ വാദമൊന്നും തെളിയിക്കാനായില്ല എന്നുമാത്രമല്ല, മറുപടി കഴിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയായിരുന്നു പ്രതിപക്ഷമൊന്നടങ്കം. സാധാരണ അടിയന്തരപ്രമേയം കഴിഞ്ഞ് വാക്കൗട്ട് പതിവുള്ളതാണ്. പക്ഷേ, ഈ അടിയന്തരപ്രമേയത്തിന്റെ മറുപടി കഴിഞ്ഞപ്പോൾ പ്രമേയം എന്തുചെയ്യണമെന്നുപോലുമറിയാതെ അന്തംവിട്ടിരിക്കുകയായിരുന്നു പ്രതിപക്ഷം. ഇത്രയേ ഉള്ളൂ ഇവരുടെ ആക്ഷേപത്തിന്റെ പൊരുൾ.

നിയമസഭാചർച്ചയിൽ വായ്‌പ എങ്ങനെ തിരിച്ചടയ്‌ക്കും എന്ന ചോദ്യത്തിനും വ്യക്തത വന്നു. കിഫ്ബി കേരളത്തെ കടക്കെണിയിലാക്കുമെന്നായിരുന്നല്ലോ പ്രചരിപ്പിച്ചത്? പ്രതിപക്ഷനേതാവുംകൂടി പാസാക്കിയ നിയമത്തിൽ പറഞ്ഞ സർക്കാർ സഹായം മാത്രം മതി കിഫ്ബിയെടുക്കുന്ന വായ്‌പ തിരിച്ചടയ്‌ക്കാൻ എന്ന് കണക്കുകൾസഹിതം നിയമസഭയിൽ തെളിയിച്ചു. ഒരു കടക്കെണിയുടെയും പ്രശ്നമില്ല. കടം വീട്ടാനുള്ള സിങ്കിങ്‌ ഫണ്ട് ഉറപ്പുവരുത്തിക്കൊണ്ടാണ് വായ്‌പയെടുക്കുന്നത്.

ഇപ്പോൾ പാലാരിവട്ടത്തെ പഞ്ചവടിപ്പാലത്തിൽ കുടുങ്ങി പരിഹാസ്യമായ അവസ്ഥയിലാണ് പ്രതിപക്ഷം. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ പൊതുനിലവാരത്തിന്റെ നേർചിത്രമാണ് പാലാരിവട്ടം പാലം. അതിന്റെ അവസ്ഥ സൃഷ്ടിക്കുന്ന ജാള്യം പ്രതിപക്ഷത്തിന്റെ എല്ലാ നേതാക്കൾക്കുമുണ്ട്. അതുകൊണ്ട് അവർക്ക് പൊതുമധ്യത്തിൽ പിടിച്ചുനിൽക്കാൻ ഒരു വിഷയം വേണം. അസ്വസ്ഥത സൃഷ്ടിക്കുന്ന ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടാൻ ആരോപണത്തിന്റെ ഒരു പുകമറ വേണം. അതിനവർ കിഫ്ബിക്കും പദ്ധതികൾക്കുമെതിരെ ആരോപണത്തിന്റെ ചെളി വാരിയെറിയുന്നു.

ആ പാഴ്‌വേലയുടെ പരിഹാസ്യരൂപമാണ് കിഫ്ബിയുടെ ഓഡിറ്റിനെ സംബന്ധിച്ച് ഉയർത്തുന്ന ചോദ്യങ്ങൾ. യുക്തിയുടെ പിൻബലമില്ലാത്ത ഇത്തരം ചോദ്യങ്ങൾ എങ്ങനെ ഒരു പ്രതിപക്ഷനേതാവിന് ഉന്നയിക്കാൻ കഴിയുമെന്ന് നാം അമ്പരക്കും. പക്ഷേ, സത്യം അതാണ്. ആരോപണം വ്യാജമാകുമ്പോൾ, അതിനുപിന്നിലെ യുക്തിയും പരിഹാസ്യമാകും. ഏറ്റവും സുതാര്യമായ ഓഡിറ്റിങ്‌ സമ്പ്രദായമാണ് കിഫ്ബിയിലുള്ളത്. റിസർവ് ബാങ്കിന്റെ രണ്ട് മുൻ ഡെപ്യൂട്ടി ഗവർണർമാർ, സെബിയുടെ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ, ട്രഷറി ഓപ്പറേഷൻസിൽ പ്രാവീണ്യമുള്ള മുൻ ബാങ്ക് മേധാവികൾ, സർവോപരി മുൻ സിഎജി വിനോദ് റായി തുടങ്ങിയവരെല്ലാം നേതൃത്വം നൽകി പ്രവർത്തിക്കുന്ന ഒരു ധനസ്ഥാപനമാണ് കിഫ്ബി എന്നുപോലും മനസ്സിലാക്കാതെയാണ് വിമർശനങ്ങൾ.

കിഫ്‌ബിയെ ഓഡിറ്റ് ചെയ്യുന്നതിൽനിന്ന് സിഎജിയെ ഒരു കാലഘട്ടത്തിലും വിലക്കിയിട്ടില്ല. എന്നുമാത്രമല്ല, ഡിപിസി ആക്ട് 14 (1) പ്രകാരം സിഎജി 2018ലും 2019ലും സമ്പൂർണമായ ഓഡിറ്റ് (all receipts and expenditure) നടത്തിയിട്ടുണ്ട്. ഒരു ഫയലും ഓഡിറ്റ് ടീമിന്‌ നിഷേധിച്ചിട്ടില്ല. അങ്ങനെയൊരു വിമർശനമോ ആക്ഷേപമോ രണ്ട് ഓഡിറ്റുകാലത്തും കേരളം കേട്ടിട്ടില്ല.

ബാലിശവാദങ്ങൾ
ഓഡിറ്റുകഥ ഏതാണ്ട് ഗ്യാസ് പോയപ്പോഴാണ് ട്രാൻസ്ഗ്രിഡ് പ്രോജക്ടിലാകെ അഴിമതിയാണെന്ന ആക്ഷേപം. അതു സംബന്ധിച്ച പത്ത്‌ ചോദ്യങ്ങൾക്കും കൃത്യമായി മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞു. എത്ര ബാലിശമായ വാദങ്ങളാണ് പ്രതിപക്ഷനേതാവ് ഉയർത്തിയിരിക്കുന്നത് എന്ന് ആ മറുപടിയോടെ എല്ലാവർക്കും ബോധ്യമായി. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് നമ്മുടെ സംസ്ഥാനത്ത് പിഡബ്ല്യുഡി നടപ്പാക്കിയത്. എന്നിട്ടാണ് വൈദ്യുതി ബോർഡ് ഡിഎസ്ആർ റേറ്റ് ഉപയോഗിക്കുന്നു എന്ന ആക്ഷേപവുമായി വരുന്നത്. പത്തുശതമാനം ടെൻഡർ എക്‌സെസ് വന്നാൽ റീ ടെൻഡർ ചെയ്യുകയല്ലാതെ വേറെ വഴിയില്ലെന്നാണ് നിയമംപോലും. ഒരു വ്യവസ്ഥയും അങ്ങനെയില്ല. ടെൻഡർ എക്‌സെസ്‌ പരിശോധിക്കാൻ സെക്രട്ടറിതല സമിതിക്കും ക്യാബിനറ്റിനുമൊക്കെ അധികാരമുണ്ട്. അറുപതു ശതമാനം കൂടുതൽ റേറ്റാണത്രെ, കെഎസ്ഇബിയുടേത്. ഇങ്ങനെയുള്ള ബാലിശവാദങ്ങളെല്ലാം തുറന്നുകാട്ടപ്പെട്ടപ്പോഴാണ് സിബിഐ അന്വേഷണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം അദ്ദേഹം രംഗത്തുവന്നത്.

കിഫ്ബി തുടങ്ങിയേടത്തുതന്നെ നിൽക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആക്ഷേപിക്കുന്നുണ്ട്. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത് എന്നെനിക്കറിയില്ല. കിഫ്‌ബി ഇതുവരെ ധനാനുമതി നൽകിയത് 45,000 കോടിയോളം രൂപയുടെ പദ്ധതികൾക്കാണ്. അതിൽ പതിനായിരം കോടിയോളം രൂപയുടെ പദ്ധതികൾ നിർമാണം ആരംഭിച്ചുകഴിഞ്ഞു. പ്രതിപക്ഷനേതാവിന്റെ നിയോജകമണ്ഡലത്തിലെ 450 കോടി രൂപയുടെ പദ്ധതികളും ഉൾപ്പെടുന്നു എന്നതാണ് യാഥാർഥ്യം. വൻകിട പദ്ധതികളാണ് ഏറെയും. ഈ പദ്ധതികൾ എല്ലാംതന്നെ അവയുടെ നിശ്ചയിച്ച പ്രകാരമുള്ള സമയക്രമവും ഗുണനിലവാരവും ഉറപ്പാക്കിയാണ് പുരോഗമിക്കുന്നത്. ഇതിലൊരു പദ്ധതിയുടെപോലും നടത്തിപ്പിനെക്കുറിച്ച് നാളിതുവരെ ഒരു പരാതിയും ആക്ഷേപവും അദ്ദേഹം ഉന്നയിച്ചിട്ടില്ല. അപ്പോൾ സ്വന്തം മണ്ഡലത്തിൽ കിഫ്ബി വേണം, കേരളത്തിന്‌ മൊത്തത്തിൽ വേണ്ട എന്നാണോ അദ്ദേഹത്തിന്റെ നിലപാട്? ഈ ഇരട്ടത്താപ്പ് ജനം കാണുന്നുണ്ട് എന്നുമാത്രം അദ്ദേഹത്തെ ഓർ‌മിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News