പാലാ ഉപതെരഞ്ഞെടുപ്പ് ജനവിധി നാളെ. പാലാ കാർമൽ സ്കൂളിൽ രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടു വ്യാപരമുൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയായ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഉറ്റുനോക്കി രാഷ്ട്രീയ കേരളം. ഒക്ടോബറിൽ നടക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും പാലാ ഫലത്തിൻറെ ചലനങ്ങൾ നിർണായകമാകും.

കാടിളക്കിയുള്ള പ്രചാരണം ജനങ്ങൾക്കിടയിൽ ചലനമുണ്ടാക്കിയോയെന്ന ചോദ്യത്തിനും വോട്ടെടുപ്പിന് ശേഷമുള്ള
കണക്കുകൂട്ടലുകൾക്കും വിരാമമിട്ട് പാലാ ആർക്കൊപ്പമെന്ന് നാളെ അറിയാനാകും.
പാലാ കാർമൽ സ്കൂളിൽ രാവിലെ 8 ന് വോട്ടെണ്ണൽ ആരംഭിക്കും. 14 ടേബിളിൽ 13 റൗണ്ടായിട്ടാണ് വോട്ട് എണ്ണുന്നത്. രാവിലെ 10 30 ഓടെ അന്തിമ ചിത്രം വ്യക്തമാകും.

വിജയത്തിൽ കുറഞ്ഞൊന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നില്ല. മണ്ഡലം അതിന്റെ രാഷ്ട്രീയ പാരമ്പര്യം നിലനിർത്തുമെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. അതേസമയം കേരളാ കോൺഗ്രസുമായി ചേർന്ന് ബിജെപി വോട്ടു വ്യാപാരം നടത്തിയെന്ന വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ പാലാ ഫലം അവർക്ക് രാഷ്ട്രീയ വെല്ലുവിളിയാണ്. ജോസ് കെ മാണി – ജോസഫ് തർക്കം മൂർച്ഛിക്കുന്നതിനും കേരളാ കോൺഗ്രസുകളുടെ വഴിപിരിയലിനും തുടർന്ന് പ്രശ്നങ്ങളും പാലാ ഫലം വഴിയൊരുക്കും.