അഞ്ച് മണ്ഡലങ്ങളിലും വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കോടിയേരി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങള്‍ തെരഞ്ഞെടപ്പിനെ ബാധിക്കില്ല

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പുതുമുഖങ്ങളാണ് ഇത്തവണ ജനവിധി തേടുന്നതെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോടിയേരി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങള്‍ തെരഞ്ഞെടപ്പിനെ ബാധിക്കുകയില്ല. ഒരോ തെരഞ്ഞെടുപ്പും അതത് കാലത്തെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. സംസ്ഥാന സര്‍ക്കാരിനെ മാത്രമല്ല. കേന്ദ്ര സര്‍ക്കാരിനേയും പ്രതിപക്ഷ പ്രവര്‍ത്തനത്തേയും എല്ലാം വിലയിരുത്തും. നിയമസഭ തെരഞ്ഞെടുപ്പില്‍ മാത്രമല്ല സ്‌കൂള്‍, കോളേജ് തെരഞ്ഞെടുപ്പുകളില്‍ വരെ സംസ്ഥാന ഭരണത്തെ വിലയിരുത്തപ്പെടുന്നുണ്ട്.

സമുദായ സന്തുലനം കണക്കാക്കി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന രീതി എല്‍ഡിഎഫിനില്ല. അതത് മണ്ഡലങ്ങളില്‍ വിജയ സാധ്യതയുള്ളവരെയാണ് പരിഗണിക്കുക. എന്‍എസ്എസുമായും എസ്എന്‍ഡിപിയുമായും മറ്റ് എല്ലാ സമുദായ സംഘടനകളുമായും എല്‍ഡിഎഫിന് നല്ല ബന്ധമാണുള്ളത്.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാലുമണ്ഡലങ്ങളും നിലവില്‍ യുഡിഎഫിന്റെതാണ്. ഉപതെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുന്നതല്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും 20 മാസങ്ങള്‍ ഉണ്ട്. അതുവരെയുള്ള ജനപ്രതിനിധികളെയാണ് ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പ് ഫലവും മറ്റ് അഞ്ചിടങ്ങളേയും ബാധിക്കില്ല. പാലായില്‍ ബിജെപി നിലപാട് എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. അവിടെ വോട്ട് കച്ചവട അരോപണം സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ഉയര്‍ന്നത് . അതുന്നയിച്ചത് ബിജെപിയുടെ മണ്ഡലം പ്രസിഡന്റാണ്.

മരടില്‍ ഫ്ളാറ്റ് പൊളിക്കാനുള്ള വിധിയില്‍ ഫ്ളാറ്റുടമകളോട് മാനുഷിക പരിഗണന വേണമെന്നാണ് സിപിഐഎം നിലപാട്. സുപ്രീംകോടതി വിധി അനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതേസമയം, ഫ്ളാറ്റുടമകളില്‍ പലരും യ്ഥാര്‍ത്ഥ വസ്തുതകള്‍ അറിയാതെ ഫ്ളാറ്റുകള്‍ വാങ്ങിയവരാണ്. അവര്‍ക്ക് പുനരധിവാസം ആവശ്യമാണ്. ഫ്ളാറ്റ് നിര്‍മ്മാതാക്കളില്‍നിന്ന് ഫ്ളാറ്റുകളുടെ വില തിരിച്ചു ലഭിക്കാനുള്ള നടപടിയും വേണം. കുടിയൊഴിപ്പിക്കല്‍ നടപടിക്ക് സിപിഐ എം എക്കാലത്തും എതിരാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News