ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും ജീവന്‍ എടുത്ത അപകടം നടന്ന് ഒരുവര്‍ഷം പിന്നിടുമ്പോഴും ലക്ഷ്മിയുടെ മിഴികള്‍ തോര്‍ന്നിട്ടില്ല.

ലക്ഷ്മി പറയുന്നു:

”അവരായിരുന്നു എന്റെ ലോകം. എനിക്ക് എല്ലാം നഷ്ടമായി. ബാലുവിന്റ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മനസ് വേദനിപ്പിച്ചു. അടുപ്പമുള്ളവര്‍ പറയുമ്പോഴാണ് വിവാദങ്ങളെല്ലാം അറിയുന്നത്. സ്വന്തം അനുഭവത്തില്‍ വന്നപ്പോഴാണ് നഷ്ടത്തിന്റെ തീവ്രത എത്രമാത്രമെന്ന് മനസിലായത്. അന്വേഷണം നടക്കട്ടെ, സത്യം തെളിയട്ടെ.”

കഴിഞ്ഞ സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം കഴക്കൂട്ടം പള്ളിപ്പുറത്ത് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു. തേജസ്വിനി ബാല സംഭവസ്ഥലത്ത് മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരിച്ചത്.

ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുകയാണ് ലക്ഷ്മി. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അവശകതകളില്‍ നിന്നും ഇനിയും മുക്തയായിട്ടില്ല. വാക്കറിന്റെയും മരുന്നുകളുടെയും ബലത്തിലാണ് നടപ്പ്. യാത്ര ആശുപത്രിയിലേക്ക് മാത്രം.