ശ്വേതയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ മുന്‍മുഖ്യമന്ത്രിയും ഗവര്‍ണറും; കണ്ടെടുത്തതില്‍ 4000ത്തോളം ലൈംഗിക ദൃശ്യങ്ങള്‍; ബിജെപിയെ വെട്ടിലാക്കിയ രാജ്യത്തെ ഏറ്റവും വലിയ പെണ്‍കെണിയുടെ പിന്നാമ്പുറക്കഥകള്‍

ദില്ലി: ബിജെപി പ്രചാരക ശ്വേതാ വിജയ് ജെയ്‌നിന്റെയും സംഘത്തിന്റെയും ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ മുന്‍മുഖ്യമന്ത്രിയും ഗവര്‍ണറും എംഎല്‍എമാരും അടക്കം നിരവധി പ്രമുഖരെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

സംഭവം ചര്‍ച്ചയായതോടെ പെണ്‍കെണിയില്‍ കുടുങ്ങിയ നേതാക്കളുടെ പേരു വിവരങ്ങള്‍ നല്‍കാന്‍ ആര്‍എസ്എസ്- ബിജെപി നേതൃത്വം മധ്യപ്രദേശിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പുറത്തുവന്നത് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് ആണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. അറസ്റ്റിലായ യുവതികളുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നും 4000ത്തോളം ലൈംഗിക ദൃശ്യങ്ങളാണ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.

മെമ്മറി കാര്‍ഡില്‍ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ഇതു കൂടി ചേരുമ്പോള്‍ ക്ലിപ്പുകളുടെ എണ്ണം 5000 കവിയുമെന്നാണ് അന്വേഷണഉദ്യോഗസ്ഥര്‍ പറയുന്നത്.

കഴിഞ്ഞദിവസമാണ് രാജ്യത്തെ ഞെട്ടിച്ച പെണ്‍കെണിയുടെ കഥകള്‍ പുറത്തുവന്നത്. വിവരങ്ങള്‍ പുറത്ത് വന്നതോടെ വെട്ടിലായത് മധ്യപ്രദേശിലെ ബിജെപി നേതൃത്വമാണ്.

കേസില്‍ പിടിയിലായ ആരതി ദയാല്‍, മോണിക്ക യാദവ്, ശ്വേത വിജയ് ജെയ്ന്‍, ശ്വേത സ്വപ്നിയാല്‍ ജെയ്ന്‍, ബര്‍ഖ സോണി എന്നിവര്‍ക്കു മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. സെക്രട്ടേറിയറ്റില്‍ സ്ഥിരം വന്നുപോകാറുണ്ടായിരുന്ന ഇവര്‍ക്ക് മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2013, 2018 വര്‍ഷങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ മുഖ്യപ്രചാരകയായിരുന്നു ശ്വേത വിജയ് എന്ന് ദൃശ്യങ്ങള്‍ സഹിതം മധ്യപ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അരുണോദോയ് ചൗബ ആരോപിച്ചു. യുവമോര്‍ച്ചയുമായി ശ്വേതയ്ക്കു ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും ആരോപിച്ചിരുന്നു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ശ്വേത ഇരിക്കുന്ന ചിത്രം കോണ്‍ഗ്രസ് പുറത്തുവിട്ടതും ബിജെപിക്ക് ക്ഷീണമായി. സാഗര്‍ സ്വദേശിയായ ശ്വേതയ്ക്കു മീനല്‍ റസിഡന്‍സിയില്‍ ബംഗ്ലാവ് വാങ്ങി നല്‍കിയത് മുന്‍ മുഖ്യമന്ത്രിയായിരുന്നു. ബുന്ദേല്‍ഖണ്ഡ്, മാല്‍വ, നിമാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചില മന്ത്രിമാരോടും ശ്വേതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിംഗുമായിട്ടായിരുന്നു ശ്വേതയുടെ അടുത്തബന്ധം. ഇയാളുടെ ബംഗ്ലാവിലായിരുന്നു ശ്വേതയുടെ താമസം. ബിജെപി എംഎല്‍എ ദിലീപ് സിംഗ് പരിഹാറിന്റെ വീട്ടിലാണ് മുന്‍പ് ഇവര്‍ താമസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എന്‍ജിനീയര്‍ ഹര്‍ഭജന്‍ സിങ്ങ് എന്ന യുവാവിന്റെ പരാതിയാണ് സംഘത്തെ കുടുക്കിയത്.

ഹര്‍ഭജന്‍ സിംഗിന്റെ പരാതിയുടെ പിന്നാലെ പോയ അന്വേഷണസംഘം കണ്ടെത്തിയത് ഏറ്റവും വലിയ പെണ്‍കെണി സംഘത്തെയും. വരുംദിവസങ്ങളില്‍ സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here