എല്ലാ വര്‍ഷവും രണ്ടു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; പ്രധാന അധ്യാപകന് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത്

കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഡോ.കൊടക്കാട് നാരായണന് ഒടുവില്‍ മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത്. പ്രളയകാലത്ത് അധ്യാപക സമൂഹത്തിന് തന്നെ മാതൃകയായി നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനക്കത്ത് കഴിഞ്ഞ ദിവസം തപാലില്‍ ലഭിച്ചത്.

2018 ലെ പ്രളയകാലത്ത് ആഗസ്ത് 12നു തന്നെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി അദ്ദഹം ഫസ്റ്റ് സാലറി സാലഞ്ചിന് തുടക്കം കുറിച്ചിരുന്നു. കൂടാതെ 2018 സെപ്തംബര്‍ തൊട്ട് രണ്ടു ദിവസത്തെ വരുമാനവും ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം നല്‍കി വരുന്നു. ഈ വര്‍ഷം ജനുവരി തൊട്ട് രണ്ടു ദിവസത്തെ വരുമാനം രോഗികളുടെ ചികിത്സാ ചെലവിലേക്ക് നല്‍കി വരുന്നു മുണ്ട്. നാലു ദിവസത്തെ വരുമാനം മരണം വരെ നല്‍കാനാണ് ഇപ്പോള്‍ മാഷിന്റെ തീരുമാനം.

തന്റെ വിദ്യാലയത്തിലെ കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും വിദഗ്ദ്ധരായ അമ്പതു പേരെയും കൂട്ടി ഒരാഴ്ചക്കാലം ചാലക്കുടി നഗരസഭയില്‍ നടത്തിയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒപ്പം പ്രളയ ദുരന്തം അനുഭവിച്ച പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ എത്തിക്കുവാന്‍ ഡോ.

കൊടക്കാട് നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ ‘പുസ്തകസഞ്ചി’യും കേരളത്തിന് താങ്ങായി നിന്ന പ്രവര്‍ത്തനമായിരുന്നുവെന്ന് പിണറായി തന്റെ കത്തില്‍ എടുത്തു പറഞ്ഞു. ഈ മാതൃകാ പ്രവര്‍ത്തനം വരും ജീവിതത്തിലും തുടരുവാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് മുഖ്യമന്ത്രി കത്ത് അവസാനിപ്പിക്കുന്നത്

2015ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവാണ് നാരായണന്‍ മാഷ്. വിജയശ്രീയാണ് ഭാര്യ. അരുണ്‍ വിജയ്, വരുണ്‍ നാരായണന്‍ എന്നിവര്‍ മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News