സർക്കാർ സത്യവാങ്മൂലം നൽകി; മരടിലെ അംബരചുംബികൾ നിലം പൊത്താൻ പോകുന്ന നാൾ വഴികൾ…

മരടിലെ 5 ഫ്ളാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് ആക്ഷൻ പ്ലാനും സത്യവാങ്മൂലവും സർക്കാർ സുപ്രീം കോടതിയിൽ നൽകി. ഇനിയുള്ള ദിവസങ്ങളിൽ ഫ്ലാറ്റ് പൊളിക്കുന്ന നടപടികൾ വേഗത്തിലായിരിക്കും നടക്കുക എന്ന സൂചന നൽകി കൊണ്ടാണ് സർക്കാർ ആക്ഷൻ പ്ലാൻ സമർപ്പിച്ചിരിക്കുന്നത്.

ഫ്ലാറ്റുകൾ കൂടാതെ 291 സി ആർ ഇസ്ഡ് നിയമ ലംഘനം നടത്തിയ കേസുകൾ കൂടി സർക്കാർ മരട് മുനിസിപ്പാലിറ്റിക്ക് കീഴിൽ ഉള്ളതായി അപെക്സ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇവയെ കുറിച്ച് മൂന്നംഗ സമിതി അന്വേഷിക്കും. ഇൗ കെട്ടിടങ്ങൾക്ക് അനുമതി നൽകിയ രേഖകൾ ഉൾപ്പടെ പരിശോധിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കും. അടുത്ത ഫെബ്രുവരിയിൽ കെട്ടിടം പൂർണമായും പൊളിച്ച് നീക്കി 138 ദിവസം നീണ്ട പ്രവർത്തനങ്ങളെ കുറിച്ച് അന്തിമ റിപ്പോർട്ട് സുപ്രീം കോടതിക്ക് സമർപ്പിക്കാൻ ഉള്ള തരത്തിലാണ് മരടിലെ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.

ആക്ഷൻ..!
2020 ഫെബ്രുവരി 9നകം മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ 14 സ്റ്റെപ്പുകൾ ഉള്ള ഒരു പദ്ധതിയാണ് സർക്കാരിന് ഉള്ളത്. സെപ്റ്റംബർ 24 ന് പോലീസ് ഫയർ ഫോഴ്സ് എന്നിവർക്ക് ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച അറിയിപ്പ് നൽകിയത് മുതലാണ് ഇത് ആരംഭിക്കുന്നത്. പത്രത്തിലൂടെ നിയന്ത്രിത സ്ഫോടനം നടത്താൻ ടെൻഡർ പരസ്യം നൽകിയതും അന്നാണ്. സെപ്റ്റംബർ 24 ന്‌ ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നത് ആരംഭിക്കും. നാല് ദിവസമാണ് ഇതിനായി കരുതുന്നത്. ഫ്ലാറ്റുകൾക്ക് ചുറ്റുമുള്ള 1 കിലോ മീറ്റർ പരിധിയിലെ 9522 കെട്ടിടങ്ങളും ഒഴിപ്പിക്കണം .

സ്ഫോടനങ്ങൾ ഉണ്ടാകുമ്പോൾ ബാധിക്കപ്പെട്ടെക്കാവുന്ന കെട്ടിടങ്ങൾ ആണിവ. സെപ്റ്റംബർ 29 മുതലാണ് ഇവരെ ഒഴിപ്പിക്കുന്ന നടപടികൾ ആരംഭിക്കുന്നത്. ഇതിനായി അനുവദിച്ചിരിക്കുന്ന സമയം 3 ദിവസം. കെട്ടിടം പൊളിച്ച് നീക്കാൻ ആവശ്യമായി വന്നിരിക്കുന്നത്‌ 90 ദിവസങ്ങൾ ആണ്. പുനരുപയോഗിക്കാവുന്നവ തൊഴിലാളികളെ ഉപയോഗിച്ചും അല്ലാത്ത ഭാഗം നിയന്ത്രിത സ്ഫോടനത്തിലൂടെയും തകർക്കുന്ന രീതിയാണ് സർക്കാരിനുള്ളത്. ഒക്ടോബർ 11 ന്‌ ആരംഭിക്കുന്ന പൊളിക്കൽ നടപടികൾ ജനുവരി 9 ന് പൂർത്തിയാകും.

മാലിന്യവും പാരിസ്ഥിതിക ആഘാതവും കുറയ്ക്കാൻ ആണ് സർക്കാർ ഇത്തരത്തിൽ ഒരു ആക്ഷൻ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് 2020 ജനുവരി 10 മുതൽ 2020 ഫെബ്രുവരി 9 വരെ ഉള്ള ഒരു മാസം കൊണ്ടാണ്. മാലിന്യം നീക്കം ചെയ്തത് റീസ്റ്റോറേഷൻ ജോലികൾ പൂർത്തിയാക്കി കർമ്മ പദ്ധതി ഫെബ്രുവരി 9 ന്‌ അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News