യുഡിഎഫ് ന്‍റെ മാത്രമല്ല എക്സിറ്റ് പോള്‍ നടത്തിയവര്‍ക്കു കൂടി കനത്ത പ്രഹരം നല്‍കുന്നതാണ് പാലാ ഉപതെരഞ്ഞെടുപ്പ് ഫലം.

ഒരു ചാനല്‍ നടത്തിയ എക്സിറ്റ് പോള്‍ സര്‍വ്വേ മറ്റ് മാധ്യമങ്ങളൊക്കെ ഏറ്റു പാടുകയായിരുന്നു. സര്‍വേ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം 20,470 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിക്കണമായിരുന്നു.

മൊത്തം പോള്‍ ചെയ്യപ്പെട്ട വോട്ടില്‍ 48 ശതമാനവും യുഡിഎഫിന്‍റെ കണക്കിലാണ് എക്സിറ്റ് പോള്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്.

മാണിസി കാപ്പന് നല്‍കിയത് കേവലം 32 ശതമാനത്തിന്‍റെ വോട്ടാണ്. എന്‍ഡിഎക്ക് നല്‍കിയതാകട്ടേ 19 ശതമാനവും.

പാലാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷത്തിനെതിരെ കടുത്ത പ്രചരണങ്ങളായിരുന്നു പ്രധാന മാധ്യമങ്ങളെല്ലാം അ‍ഴിച്ചുവിട്ടത്.

കേരള കോണ്‍ഗ്രസിലെ പടലപ്പിണക്കമൊന്നും യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പിന്‍റെ കടിഞ്ഞാണ്‍ കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ യുഡിഎഫിന്‍റെ സ്ഥിതി സുരക്ഷിതമായെന്നുമായിരുന്നു മാധ്യമങ്ങളുടെ കണ്ടെത്തല്‍.

ഇതിനേക്കാള്‍ പ്രശ്നമുണ്ടായിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാ‍ഴിക്കാടന്‍ പാലായില്‍ 33,472 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയിരുന്നുവെന്നാണ് എക്സിറ്റ് പോള്‍ക്കാര്‍ സമര്‍ത്ഥിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വേയണ് മറ്റു മാധ്യമങ്ങളും കൊണ്ടാടിയത്. എന്നാല്‍ കരണത്തടി കിട്ടിയത് പോലെയായി പാലായുടെ ജനവിധി.