കൂര്‍ത്ത മുള്ളും വ്യത്യസ്തമായ ആകാരവും കൊണ്ട് കാഴ്്ച്ചയിലും മധുരവും പുളിയും നിറഞ്ഞ സമ്മിശ്ര രുചികൊണ്ട് സ്വാദിലും തീന്‍മേശയില്‍ ഇടം പിടിക്കുന്ന ഫലവര്‍ഗമാണ് പൈനാപ്പിള്‍. നമ്മുടെ തൊടിയിലും പറമ്പിലും സുലഭമായി വളര്‍ത്താവുന്ന പൈനാപ്പിള്‍ കൊണ്ട് വ്യത്യസ്തവും രുചികരവുമായ വിഭവങ്ങള്‍ എളുപ്പം ഉണ്ടാക്കാം..


പൈനാപ്പിള്‍ പച്ചടി

ആവശ്യം വേണ്ട സാധനങ്ങള്‍

പൈനാപ്പിള്‍ – 1 കപ്പ് ( മുറിച്ചത്)
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 കഷ്ണം
വെള്ളം – 1/2 കപ്പ്
തേങ്ങ -ചിരണ്ടിയത് 1/4 കപ്പ്
വറ്റല്‍ മുളക് – 2 എണ്ണം
തൈര് – 1/2 കപ്പ്
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
ചെറിയ ഉള്ളി – 4 എണ്ണം
കറിവേപ്പില – 1 ഇതള്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കൈതച്ചക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. (1 കപ്പ്)
ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി അരിയുക.
ചിരണ്ടിയ തേങ്ങ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക.
കൈതച്ചക്ക, പച്ചമുളക്, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് മ്ല കപ്പ് വെള്ളത്തില്‍ അടച്ച് വച്ച് വേവിക്കുക.
വെന്ത് കഴിയുമ്പോള്‍ അരച്ച തേങ്ങ ചേര്‍ത്ത് ഇളക്കുക.
തീ അണച്ചശേഷം തൈര് ചേര്‍ക്കുക.
പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം വറ്റല്‍മുളകും, ചെറിയ ഉള്ളിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് പച്ചടിയില്‍ ചേര്‍ക്കുക.
കറിക്ക് അല്പം കൂടി മധുരം ആവശ്യമെങ്കില്‍, ഇഷ്ടാനുസരണം പഞ്ചസാര ചേര്‍ക്കാവുന്നതാണ്.

പൈനാപ്പിള്‍ കേക്ക്

ആവശ്യം വേണ്ട സാധനങ്ങള്‍

പൈനാപ്പിള്‍ -(ചെറുതായി മുറിച്ചത് )500 ഗ്രാം
മുട്ട വെള്ള – 6 മുട്ടയുടേത്്
പഞ്ചസാര – ഒരു കപ്പ്
മുട്ടയുടെ മഞ്ഞ – 6 മുട്ടയുടേത്
അണ്ടിപ്പരിപ്പ് (പൊടിച്ചത്)- അരക്കപ്പ്
മൈദ- രണ്ടരക്കപ്പ്
ബേക്കിങ് പൗഡര്‍ – ഒരു ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ്- ഒരേു ടേബിള്‍ സ്പൂണ്‍
ഐസിങ് ഷുഗര്‍ – 3 കപ്പ്
ഉപ്പ് – 1/2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കോഴിമുട്ടയുടെ വെള്ളയില്‍ കുറച്ച് കുറച്ചായി പഞ്ചസാര ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
മറ്റൊരു പാത്രത്തില്‍ വെണ്ണ, ഐസിങ് ഷുഗര്‍ എന്നിവ ചേര്‍ത്തടിച്ച് മയം വരുത്തുക ഇതിലേക്ക് കോഴിമുട്ടയുടെ മഞ്ഞ ഓരോന്നായി ചേര്‍ത്തിളക്കണം.
തുടര്‍ന്ന് പൊടിയായരിഞ്ഞ പൈനാപ്പിള്‍, അണ്ടിപ്പരിപ്പ് പൊടിച്ചത്, വാനില എസന്‍സ് എന്നിവ ഈ മിശ്രിതത്തിലേക്ക് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് മൈദ, ബേക്കിങ് പൗഡര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയ മിശ്രിതം ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
നേരത്തെ തയ്യാറാക്കി വെച്ച കോഴിമുട്ടയുടെ വെള്ള ഇതിലേക്ക് നന്നായി ചേര്‍ക്കുക.
കേക്ക് ബേക്ക് ചെയ്യാനെടുക്കുന്ന പാത്രത്തില്‍ മൂന്നിലോരുഭാഗത്തിലേക്ക് ഒഴിച്ച് 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക.
ചൂടാറിയതിന് ശേഷം ക്രീം ചീസ് ഫ്രോസ്റ്റ് ചെയ്തതോ, ഐസിങ് ചെയ്തതോ കേക്ക് ഉപയോഗിക്കാം.


പൈനാപ്പിള്‍ ജ്യൂസ്

ആവശ്യം വേണ്ട സാധനങ്ങള്‍

കൈതച്ചക്ക മുറിച്ചത് – 1 കപ്പ്
വെളളം – ആവശ്യത്തിന്
ഇഞ്ചി – ചെറിയ കഷ്ണം
നാരങ്ങ നീര്- 1 സ്പൂണ്‍
തേന്‍- 4 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചേരുവകള്‍ എല്ലാം കൂടി മിക്‌സിയില്‍ നന്നായി അടിച്ച് അരിച്ചെടുത്ത് കുടിക്കാം.