കേരളം ഉറ്റുനോക്കിയ പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ചരിത്ര വിജയം. അമ്പത്തിനാലുവര്‍ഷം നീണ്ടുനിന്ന യുഡിഎഫിന്റെ കുതിപ്പാണ് ഉപതെരഞ്ഞെടുപ്പിലൂടെ എന്‍സിപിയുടെ മാണി സി കാപ്പന്‍ തിരുത്തിയെഴുതുന്നത്.

പുതിയ പാലാ നിയമസഭാ മണ്ഡലത്തിന്റെ രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇടതുപക്ഷം പാലായില്‍ ജയിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ ലീഡ് കൈവരിച്ച കാപ്പന്‍ ഒരിക്കല്‍പോലും ലീഡ് നിലയില്‍ പുറകോട്ട് പോയില്ല.

മുത്തോലിയിലും പാലാ നഗരസഭയിലും മീനച്ചിലിലും കൊഴുവനാലിലും യുഡിഎഫ് ലീഡ് നേടിയെങ്കിലും ഒരുഘട്ടത്തില്‍പോലും എല്‍ഡിഎഫിന്റെ ലീഡിനെ മറികടക്കാന്‍ കഴിയുന്നൊരു ലീഡിലേക്കെത്താന്‍ ജോസ് ടോമിന് കഴിഞ്ഞില്ല. എന്നാല്‍ മാണി സി കാപ്പന്റെ ലീഡ് ഒരുഘട്ടത്തില്‍ അയ്യായിരത്തോട് അടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 33000 ല്‍ അധികം ലീഡ് പാലായില്‍ ഉണ്ടായിരുന്നു. പാലായിലെ മുഴുവന്‍ ജനങ്ങള്‍ക്കും നന്ദിപറയുന്നതായി തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാണി സി കാപ്പന്‍ പ്രതികരിച്ചു.

പാലായില്‍ നാലാമങ്കത്തിലാണ് മാണി സി കാപ്പന്‍ വിജയം നുണയുന്നത്. കഴിഞ്ഞ മൂന്ന് തവണയും കെഎം മാണിയോട് പരാജയപ്പെട്ട മാണി സി കാപ്പന് പക്ഷെ ഘട്ടം ഘട്ടമായി കെഎം മാണിയുടെ ഭൂരിപക്ഷം കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു. കഴിഞ്ഞ തവണ അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമായിരുന്നു കെഎം മാണിയുടെ ഭൂരിപക്ഷം