യുഡിഎഫ് ശിഥിലമായി; പാലാ ഫലം വരുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ സൂചന: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ്‌ ഫലം വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾക്ക്‌ ജനങ്ങളോടുള്ള സന്ദേശമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മറ്റുള്ളവർക്ക്‌ വോട്ട്‌ ചെയ്‌ത വോട്ടർമാർവരെ എൽഡിഎഫിന്‌ അനുകൂലമായി വോട്ട്‌ ചെയ്‌തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ 33000 ലധികം ഭൂരിപക്ഷം കിട്ടിയ മണ്ഡലത്തിലാണ്‌ എൽഡിഎഫ്‌ 3000 ത്തോളം വോട്ടുകൾക്ക്‌ വിജയിച്ചത്‌.

ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ നൽകിയ വലിയ അംഗീകാരമാണിത്‌. മാണി സി കാപ്പൻ അവിടെ നടത്തിവന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയ സാഹചര്യമല്ല ഇന്ന്‌ കേരളത്തിൽ നിലനിൽക്കുന്നത്‌. അതാണ്‌ പാലാ തെളിയിക്കുന്നത്‌ ‐ കോടിയേരി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റെങ്കിലും എൽഡിഎഫിന്റെ അടിത്തറ ശക്തമാണെന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം സൂചിപ്പിക്കുന്നത്‌. യുഡിഎഫ്‌ സംവിധാനം ശിഥിലമായി.

അവർക്ക്‌ ഏത്‌ രാഷ്‌ട്രീയ കാലാവസ്ഥയിലും ജയിക്കാൻ കഴിയുന്ന ഒന്നായിരുന്നു പാലാ. ഇന്നേവരെ കേരളാ കോൺഗ്രസ്‌ മാത്രം ജയിച്ച മണ്ഡലമാണ്‌.

പാലാരിവട്ടം പാലം അടക്കമുള്ള യുഡിഎഫ്‌ അഴിമതികൾ ജനങ്ങൾ മനസ്സിലാക്കി വരികയാണ്‌. ജനങ്ങൾ തന്ന അംഗീകാരം സ്വീകരിച്ചുകൊണ്ട്‌ എൽഡിഎഫ്‌ പ്രവർത്തകർ കൂടുതൽ വിനയത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം.

വിജയത്തിനായി പ്രവർത്തിച്ച എല്ലാ പാർട്ടികളുടേയും പ്രവർത്തകന്മാരേയും വോട്ടർമാരെയും അഭിനന്ദിക്കുന്നതായും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News