അരനൂറ്റാണ്ടിലേറെ കെ എം മാണി എന്ന യുഡിഎഫ് നേതാവിനെ മാത്രം ജയിപ്പിച്ച പാലാ നിയമസഭാ മണ്ഡലം ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ പൊന്നാപുരം കോട്ടകള്‍ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പഞ്ചായത്തുകളില്‍ പോലും ലീഡ് നേടിക്കൊണ്ടാണ് മാണി സി കാപ്പന്‍ വിജയം കൊയ്തത്.

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഭരണമാറ്റം എന്ന കാലങ്ങളായി തുടരുന്ന രീതിയില്‍ നിന്ന് കേരളം മാറിചിന്തിയ്ക്കുന്നു എന്നതിന്റെ കൂടി സൂചനയാണ് പാലായില്‍ കണ്ടത്. ഒരിക്കലും എല്‍ ഡി എഫിന് വോട്ടുചെയ്യുമെന്ന് ആരും കരുതിയിട്ടില്ലാത്ത ജനവിഭാഗങ്ങള്‍ പോലും പാലായില്‍ എല്‍ഡി എഫിനൊപ്പം അണിനിരന്നു.

ഇനി വരാനിരിക്കുന്ന അഞ്ച് നിയമസഭാ ഉപതെരെഞ്ഞെടുപ്പുകളില്‍ പാലായിലെ വിധി ദിശാസൂചകമാകും. കൃത്യം അഞ്ചുമാസം മുമ്പ് നടന്ന വോട്ടെടുപ്പില്‍ ലോക്സഭയിലേക്ക് യുഡിഎഫിന് 33472 വോട്ട് കൂടുതല്‍ നല്‍കിയ മണ്ഡലമാണ് ഇക്കുറി രണ്ടായിരത്തിലേറെ വോട്ടിന് എല്‍ഡിഎഫിനൊപ്പം നിന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരിഗണിയ്ക്കുന്ന ഘടകങ്ങളല്ല നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ കണക്കിലെടുക്കുന്നത് എന്ന എല്‍ഡി എഫ് വാദം ശരിവെക്കുക കൂടിയാണ് ഈ വിജയം.

ഭരണത്തിന്റെ മൂന്നാം വര്‍ഷം പ്രതിപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് ഭരണകക്ഷി പിടിച്ചെടുക്കുന്ന അപൂര്‍വ്വതയ്ക്കും മണ്ഡലം സാക്ഷിയായി. ഇതോടെ സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന മൂന്നില്‍ രണ്ട് ഉപതെരെഞ്ഞെടുപ്പിലും എല്‍ഡിഎഫിനായി വിജയം.

ചെങ്ങന്നൂരില്‍ മൂന്നിരട്ടിയോളം ഭൂരിപക്ഷം വര്‍ധിച്ചപ്പോള്‍ പാലയില്‍ യുഡിഎഫിന്റെ കോട്ട തന്നെ പൊളിച്ചടുക്കിയാണ് എല്‍ഡിഎഫ് കൊടിനാട്ടിയത്. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി എം പി ആയപ്പോള്‍ ഒഴിവുവന്ന നിയമസഭാ സീറ്റ് മാത്രമാണ് യുഡിഎഫിനു വിജയിക്കാനായത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മൂന്നാം ദിനം തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ പ്രചാരണ രംഗത്ത് സജീവമായി. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും സാക്ഷാല്‍ കെ എം മാണിയോട് ഏറ്റുമുട്ടിയത് കാപ്പന്‍ തന്നെയാണ്, പക്ഷെ മാണിയെ മുട്ടുകുത്തിച്ചില്ലെങ്കിലും ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തിലെ തലയെടുപ്പ് താഴ്ത്താന്‍ കാപ്പന് കഴിഞ്ഞു. 2016ല്‍ തോല്‍വിയോട് അടുത്ത ജയമാണ് മാണിക്ക് നേടാനായത്.

സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനവും ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് രാഷ്ട്രീയ പോരാട്ടത്തിലാണ് എല്‍ഡിഎഫ് ഏര്‍പ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പ്രചാരണ പ്രസംഗങ്ങളില്‍ പോലും ഭരണ നേട്ടങ്ങള്‍ മാത്രമാണ് ഊന്നിയത്. ഒപ്പം ഭരണ താരതമ്യത്തിന് അവസരം നല്‍കിക്കൊണ്ട് പാലാരിവട്ടം പാലം അഴിമതിയും എല്‍ഡിഎഫ് നേതാക്കള്‍ പ്രചാരണ വേളയില്‍ ഉയര്‍ത്തിക്കാട്ടി.

യുഡിഎഫിന്റെ ദയനീയ അവസ്ഥ വ്യക്തമാക്കിക്കൊണ്ട് യുഡിഎഫിലെ കക്ഷികള്‍ക്കുള്ളിലെ ഭിന്നതയും പുറത്തുവന്നു. യുഡിഎഫ് നേതാക്കള്‍ ഏറെ പണിപ്പെട്ടെങ്കിലും കേരള കോണ്‍ഗ്രസുകാര്‍ അവസാന നിമിഷവും ഒന്നിച്ചില്ല. പി ജെ ജോസഫ് വിഭാഗം പ്രചാരണത്തിന് ഇറങ്ങിയതേയില്ല. ജോസഫാകട്ടെ ഒരു യോഗത്തില്‍ പങ്കെടുത്ത് തിരിച്ചുപോയി.