തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോം വിജയിക്കുമെന്ന അമിത ആത്മവിശ്വാസത്തിന്റെ ക്ഷീണത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇപ്പോള്‍.

ജോസ് ടോം ജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ നാട് മുഴുവന്‍ ‘ജോസ് ടോം എംഎല്‍എ’ ഫ്‌ളാക്‌സുകള്‍ സ്ഥാപിച്ചതാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ നാണക്കേടായി മാറിയിരിക്കുന്നത്.

ഫ്‌ളക്‌സ് മാത്രമല്ല, നവംബര്‍ 30ന് കോട്ടയത്ത് നടക്കുന്ന കേരള സെക്യൂരിറ്റി സ്റ്റാഫ് യൂണിയന്‍ എം സംസ്ഥാന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച പരസ്യത്തിലും ‘ജോസ് ടോം എംഎല്‍എ’ ഇടം നേടിയിട്ടുണ്ട്.

പാലായില്‍ നിന്നു ജോസ് ടോം വിജയിക്കുമെന്ന അമിത പ്രതീക്ഷയിലാണ് നേതാക്കള്‍ ജോസ് ടോമിനെ എംഎല്‍എയാക്കി ഫ്‌ളക്‌സും ബോര്‍ഡും നോട്ടീസും അച്ചടിച്ചത്.

പാലായില്‍ വിവിധ സ്ഥലങ്ങളില്‍ മാണി സാറിന്റെ പിന്‍ഗാമി ആയി തന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് തയാറാക്കിയ നിരവധി ബോര്‍ഡുകളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ മാണി സി കാപ്പന്‍ ചരിത്രവിജയം നേടിയതോടെ, ഫ്‌ളക്‌സിന്റെയും നോട്ടീസിന്റെയും പേരില്‍ നാട്ടില്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.