മരട് ഫ്‌ലാറ്റുടമകള്‍ക്ക് തത്കാല ആശ്വാസം; നിര്‍മാതാക്കള്‍ക്ക് കുരുക്ക് മുറുക്കി സുപ്രീംകോടതി

മരടിലെ ഫ്‌ലാറ്റുടമകള്‍ക്ക് തത്കാല ആശ്വാസം പകരുകയും നിര്‍മാതാക്കള്‍ക്ക് കുരുക്ക് മുറുക്കിയുമാണ് സുപ്രീംകോടതി ഇടപെടല്‍.

ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ വിട്ട് വീഴ്ച ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച കോടതി ഉടമകള്‍ക്ക് നഷ്ട പരിഹാരത്തിന് അര്ഹതയുണ്ടെന്നും വ്യക്തമാക്കി. 4 ആഴ്ച കൊണ്ട് 25 ലക്ഷം രൂപ വീതം ഉടമകള്‍ക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാരിന് കോടതിയുടെ നിര്‍ദേശം.

നഗരസഭയാണ് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന ഹരീഷ് സാല്‍വെ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

കെട്ടിട നിര്മാതാക്കളില്‍ നിന്ന് നഷ്ടരിഹാരം ഈടാക്കാമെന്നും നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം എത്ര എന്ന് കൃത്യമായി നിശ്ചയിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജ് അധ്യക്ഷനായ സമിതി രൂപീകരിച്ചു.

സമിതി ഫ്‌ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കൂടി അന്വേഷിക്കും എന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിഗണന വിഷയങ്ങള്‍ വിശാലമാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്.

കേസില്‍ വാദം ആരംഭിച്ചയുടന്‍ ഫ്‌ലാറ്റുകള്‍ ഒഴിപ്പിച്ച് അതേപടി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി തേടിയിരുന്നു. സര്‍ക്കാരിന് സാധ്യമല്ലെങ്കില്‍ പൊളിക്കാന്‍ മറ്റൊരു ഏജന്‍സിയെ ചുമതലപ്പെടുത്തും എന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി.

ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഒക്ടോബര് 11ന് ആരംഭിച്ച് 138 ദിവസങ്ങള്‍ എടുത്ത് 2020 ഫെബ്രുവരി 9ന് നടപടികള്‍ അവസാനിക്കും വിധത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് കോടതി അംഗീകരിച്ചു. മരട് നഗരസഭയില്‍ മാത്രം 291 തീരദേശ പരിപാലന നിയമ ലംഘനം ഉണ്ടെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ കേരളത്തിലെ മുഴുവന്‍ തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ കണക്ക് നല്‍കാന്‍ 4 മാസത്തെ സമയവും തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here