എല്‍ഡിഎഫിന് ആത്മവിശ്വാസം പകര്‍ന്ന് പാലായിലെ ജയം; യുഡിഎഫ് ക്യാമ്പ് കടുത്ത ആശങ്കയില്‍

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് കൂടുതല്‍ ആത്മവിശ്വാസം പകരുമ്പോള്‍ യു ഡി എഫ് ക്യാമ്പ് കടുത്ത ആശങ്കയിലാണ്. വരാനിരിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകള്‍ യു.ഡി.എഫിന് വെല്ലുവിളിയാവും.

തോല്‍വിയെ തുടര്‍ന്ന് കേരള കോണ്‍ഗ്രസിലുണ്ടാകുന്ന പൊട്ടിത്തെറികള്‍ യുഡിഎഫിന് കൂടുതല്‍ തലവേദന സൃഷ്ടിക്കും. എന്നാല്‍ പാലായിലെ വിജയം കേരളത്തിന്റെ ആകെയുള്ള സൂചനയാണെന്ന മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശമാകും.

ആറ് നിയമസഭാ മണ്ഡലങ്ങളിലെയ്ക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആദ്യത്തെതിന്റെ ഫലമാണ് എല്‍.ഡി.എഫ് – യു.ഡി.എഫ് ക്യാമ്പുകള്‍ ഉറ്റുനോക്കിയിരുന്നത്. വിമോചന സമരത്തോളം പഴക്കമുള്ള വലതുപക്ഷ വിജയങ്ങളുടെ ചരിത്രമുള്ള പാലായിലാണ് എല്‍.ഡി.എഫ് വിജയകൊടി നാട്ടി യു.ഡി.എഫ് കോട്ട നിഷ്പ്രഭമാക്കിയത്.

ഭരണത്തിന്റെ മൂന്നാം വര്‍ഷം പ്രതിപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് ഭരണകക്ഷി പിടിച്ചെടുക്കുന്ന അപൂര്‍വ്വതയ്ക്കും മണ്ഡലം സാക്ഷിയായപ്പോള്‍ അത് വലിയ ആവേശമാണ് മുന്നണിക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയത്. ഇനി വരാനിരിക്കുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പാലായിലെ വിധി എല്‍.ഡി.എഫിന് ദിശാസൂചകമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരിഗണിയ്ക്കുന്ന ഘടകങ്ങളല്ല നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ കണക്കിലെടുക്കുന്നത് എന്ന എല്‍.ഡി.എഫ് വാദം ശരിവെക്കുകയും സര്‍ക്കാരിന്റെ 3 വര്‍ഷത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് കാര്‍ഡുകൂടിയാണ് പാലായിലെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കുന്നു.

എന്നാല്‍ പാലാ തെരഞ്ഞെടുപ്പ് ഫലം യു ഡി എഫ് ക്യാമ്പില്‍ കാര്‍മേഘങ്ങള്‍ വീഴ്ത്തിക്കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മേല്‍ക്കൈയില്‍ മതിമറന്ന യുഡിഎഫിന് വരുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളും വെല്ലുവിളിയുയര്‍ത്തും. പാലായിലെ തോല്‍വിയെ തുടര്‍ന്ന് കേരള കോണ്‍ഗ്രസിലുണ്ടാകുന്ന പൊട്ടിത്തെറികള്‍ യുഡിഎഫിന് കൂടുതല്‍ തലവേദന സൃഷ്ടിക്കും .

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റ് നേടിയെടുത്ത യു ഡി എഫ് അരനൂറ്റാണ്ട് കൈവശംവെച്ച സ്വന്തം തട്ടകം കൈവിട്ടുപോയതിന്റെ വലിയ ആശയങ്കയിലുമാണ്. ഒക്ടോബര്‍ 21ന് നടക്കാനിരിക്കുന്ന 5 ഉപതെരഞ്ഞെടുപ്പുകളെ പാല സ്വാധീനിക്കാതിരിക്കാന്‍ യുഡിഎഫിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ ജനങ്ങളെ കൂടെ നിര്‍ത്തി പോരാടുന്ന എല്‍.ഡി.എഫ് നെയാകും തെരഞ്ഞെടുപ്പു രംഗത്ത് യുഡിഎഫിന് നേരിടേണ്ടിവരിക.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ അപസ്വരങ്ങളില്‍ പതറി നില്‍ക്കുന്ന കോണ്‍ഗ്രസിന് ഇടിത്തീയാണ് പാലാ തെരഞ്ഞെടുപ്പ് ഫലം. സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകും തെരഞ്ഞെടുപ്പെന്ന് പറഞ്ഞ യുഡിഎഫ് നേതാക്കള്‍ക്കും അത് ജനങ്ങള്‍ അംഗീകരിച്ചത് തിരിച്ചടിയായി. ചുരുക്കത്തില്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനുമാണ് പാലാ തെരഞ്ഞെടുപ്പ് ഫലം ഉറക്കം കെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News