കിഫ്ബിയുടെ തുടക്കത്തിൽ ‘ആകാശകുസുമ’മെന്നുപറഞ്ഞ് ആക്ഷേപിച്ചവരാണ് പദ്ധതി നടപ്പാക്കാൻ തുടങ്ങുമ്പോൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മാർഗതടസ്സമുണ്ടാക്കാൻ നോക്കുന്നത്; തീയില്ലാതെ പുകയുണ്ടാക്കുന്നവരാണ് അവർ; കോടിയേരി ബാലകൃഷ്ണന്റെ വിശകലനം

തീ ഇല്ലാതെ പുകയുണ്ടാക്കാനുള്ള വിദ്യ അഭ്യസിക്കുകയാണ് യുഡിഎഫ്. അതിനുവേണ്ടി കിഫ്ബിയുടെ പേരിൽ എൽഡിഎഫ് സർക്കാരിനെതിരെ ആക്ഷേപ പുകമറ പരത്താൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യുഡിഎഫ് പാഴ്ശ്രമം നടത്തുകയാണ്. എന്തിനും ഇവർക്ക് കൂട്ടായി ബിജെപിയുമുണ്ട്. ബിജെപിയും യുഡിഎഫും രണ്ട് ഉടലാണെങ്കിലും ഒറ്റ ഹൃദയവും നാവുമായി ഒരുമിച്ചു നീങ്ങുകയാണ്.

അഴിയെണ്ണുമെന്ന സംഭ്രാന്തി

എലിമാളത്തിൽ അഭയംതേടിയ വിഷപ്പാമ്പുകൾ തീച്ചൂടേറ്റാൽ പുറത്തുവരും. അതുപോലെ ചെന്നിത്തലയും കൂട്ടരും ഇപ്പോൾ എൽഡിഎഫ് സർക്കാരിനെതിരെ ആക്ഷേപങ്ങൾ ചൊരിയാൻ ഇറങ്ങിയിരിക്കുകയാണ്. അഴിമതിക്കേസിൽ യുഡിഎഫ് നേതാക്കളുൾപ്പെടെ അഴിയെണ്ണുമെന്ന സംഭ്രാന്തിയിലാണ് ഈ നെട്ടോട്ടം. പാലാരിവട്ടം പാലം അഴിമതിയും ടൈറ്റാനിയം അഴിമതിയും സമഗ്രമായി അന്വേഷിക്കാൻ എൽഡിഎഫ്‌ സർക്കാർ നടപടിയെടുത്തത് ഇവരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. “പഞ്ചവടിപ്പാല’മെന്ന് ഹൈക്കോടതിതന്നെ പാലാരിവട്ടം പാലത്തെ വിശേഷിപ്പിച്ചു. ക്ലൈമാക്സിൽ പാലം പൊളിഞ്ഞുവീഴുന്നതാണ് കെ ജി ജോർജിന്റെ സിനിമയായ “പഞ്ചവടിപ്പാലം’. ദുശ്ശാസനക്കുറുപ്പും ശിഖണ്ഡിപ്പിള്ളയും പഞ്ചവടി റാഹേലും ഇസഹാക്ക് തരകനുമെല്ലാമാണ് പാലം തട്ടിപ്പിലെ കഥാപാത്രങ്ങൾ.

അതിന്റെ അഭിനവരൂപങ്ങൾ, പാലാരിവട്ടം അഴിമതിക്കേസിലൂടെ മറനീക്കി പുറത്തുവരികയാണ്. യുഡിഎഫ് ഭരണത്തിലെ മന്ത്രി, ഉദ്യോഗസ്ഥർ, കരാറുകാർ തുടങ്ങിയവർക്കെല്ലാമെതിരെ ശക്തമായ ആക്ഷേപമാണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ വിജിലൻസ് പിടികൂടുകയാണ്. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയ ഇടപെടലും എൽഡിഎഫ് സർക്കാർ നടത്തില്ല. എന്നാൽ, സ്വതന്ത്രവും നീതിപൂർവവുമായി കേസ് അന്വേഷണം മുന്നോട്ടുപോകണം എന്നതിൽ വിട്ടുവീഴ്ചയുമില്ല. 42 കോടിരൂപ ചെലവിട്ട് നിർമിച്ചതാണ് പാലാരിവട്ടം പാലം. 442 മീറ്റർ നീളമുള്ള പാലത്തിലെ 102 ഗർഡറിൽ 97 ലും വിള്ളൽ. പാലം പൊളിച്ചുമാറ്റുകയല്ലാതെ വേറൊരു പോംവഴിയില്ലെന്നാണ് എൻജിനിയറിങ്‌ മേഖലയിലെ ദേശീയ വ്യക്തിത്വമായ ഇ ശ്രീധരൻ പറഞ്ഞത്. പൊളിക്കുന്ന പാഴ്വസ്തു കടലിൽ കൊണ്ടുചെന്ന് ഭിത്തികെട്ടി കടലാക്രമണം തടയാൻ കഴിയുമോയെന്ന് നോക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പാലത്തിന് നൂറ് വർഷത്തിലധികം ആയുസ്സ് വേണ്ടതാണ്. എന്നാൽ, ഇവിടെ ഒരു വയസ്സിന്റെ നിലനിൽപ്പ് പോലുമുണ്ടായില്ല. അതിനിടയാക്കിയത് യുഡിഎഫ് ഭരണത്തിലെ തീവെട്ടിക്കൊള്ളയാണ്. അതിലെ അഴിമതിക്കാർക്ക് കൈവിലങ്ങും തടവറയും ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാർ ഇച്ഛാശക്തിയോടെ മുന്നോട്ടുപോകുകയാണ്.

ഇതിൽ വിറളിപൂണ്ടാണ് അഴിമതിരഹിത എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ രാഷ്ട്രീയകുതന്ത്രം നടത്തുന്നത്. ഇക്കാര്യത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ യുഡിഎഫിന്റെയും സംഘപരിവാറിന്റെയും മെഗാഫോണായി പ്രവർത്തിക്കുകയാണ്. ഇത് ദൗർഭാഗ്യകരമാണ്. ടൈറ്റാനിയം കുംഭകോണ അന്വേഷണം യുഡിഎഫിന്റെ ഉറക്കം കെടുത്തിയിരിക്കുന്നുവെന്ന് അവരുടെ പ്രതികരണങ്ങൾ തെളിയിക്കുന്നു. ടൈറ്റാനിയം കേസിൽ ഉമ്മൻചാണ്ടി, ചെന്നിത്തല എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം ടൈറ്റാനിയം കമ്പനിയിൽ മലിനീകരണ നിവാരണത്തിന് 256 കോടിരൂപയുടെ പദ്ധതി യുഡിഎഫ് ഭരണത്തിൽ കൊണ്ടുവന്നു.

കമ്പനിയുടെ വാർഷികവിറ്റുവരവ് 120 കോടിരൂപ മാത്രമാണ്. എന്നിട്ടും മലിനീകരണ നിവാരണ പദ്ധതിപ്രകാരം 62 കോടിരൂപയുടെ യന്ത്രസാമഗ്രികൾ വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്തു. അത് വർഷങ്ങളായി കെട്ടുപൊട്ടിക്കാതെ തുരുമ്പെടുത്തു. ഇതേപ്പറ്റി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ വിജിലൻസ് കോടതി കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് നിർദേശിച്ചു. അതുപ്രകാരം സിബിഐ അന്വേഷണത്തിന് വി എസ് അച്യുതാനന്ദൻ സർക്കാർ കേന്ദ്രത്തിന് ശുപാർശ നൽകി. എന്നാൽ, ഉമ്മൻചാണ്ടിയും ചെന്നിത്തലയുമെല്ലാം ഇടപെട്ട്, കോൺഗ്രസ് നയിച്ച അന്നത്തെ കേന്ദ്രസർക്കാരിനെക്കൊണ്ട് സിബിഐ അന്വേഷണം വേണ്ടെന്ന് വയ്പിച്ചു. സംസ്ഥാനത്ത് പിന്നീട് അധികാരത്തിൽവന്ന യുഡിഎഫ് സർക്കാരാകട്ടെ ടൈറ്റാനിയം കേസ് അട്ടിമറിച്ചു. എന്നാൽ, വിജിലൻസ് കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ അഴിമതിക്കെതിരെ ഭരണചക്രം തിരിച്ചു.

സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്തുകൊണ്ട് ഉമ്മൻചാണ്ടി മാധ്യമങ്ങൾക്കുമുന്നിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. എന്നാൽ, ഇതേ നേതാവ് യുപിഎ ഭരണകാലത്ത് സിബിഐ അന്വേഷണം അട്ടിമറിക്കാൻ അണിയറയിൽ കളിച്ച വ്യക്തിയാണെന്നത് മറച്ചുവയ്ക്കാനാകുന്നതല്ല. സോളാർ അഴിമതി, ബാർ കുംഭകോണം തുടങ്ങിയ സംഭവങ്ങളും യുഡിഎഫ് ഭരണക്കാരെ വേട്ടയാടുന്നതാണ്. ഇതിലെല്ലാമുള്ള സംഭ്രാന്തിയിൽ നിന്നാണ് കിഫ്ബിയുടെ മറവിൽ എൽഡിഎഫ് സർക്കാരിനെതിരെ നട്ടാൽ കുരുക്കാത്ത നുണകളുമായി പ്രതിപക്ഷം പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്.

ദേശീയ‐അന്തർദേശീയ തലത്തിലെ നയപരമായ ബദൽ

കിഫ്ബി സംസ്ഥാന വികസനത്തിനുള്ള നൂതന പദ്ധതിയെന്നതിന് അപ്പുറം ദേശീയ‐അന്തർദേശീയ തലത്തിലെ നയപരമായ ബദലാണ്. നവഉദാരവൽക്കരണ സാമ്പത്തികനയത്തിന്റെ ഫലമായി മുതലാളിത്തം ഇന്ന് അതിഗുരുതരമായ ആഗോള സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇന്ത്യയാകട്ടെ കരകയറാനാകാത്ത സാമ്പത്തിക കുഴപ്പത്തിലും. 5 രൂപയുടെ ജനപ്രിയ ബിസ്കറ്റ് നിർമിക്കുന്ന കമ്പനിപോലും വഴിമുട്ടുന്നു. ഈ ഘട്ടത്തിൽ കേരള വികസനത്തിന് ബജറ്റിന് പുറത്തുനിന്ന് പണം കണ്ടെത്തുന്ന പുതിയ മാർഗമായ കിഫ്ബി ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധയാകർഷിക്കുകയാണ്. 50,000 കോടിരൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖാന്തരം നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഗതാഗത സൗകര്യത്തിന് വലിയ മുതൽക്കൂട്ടാകുന്ന തീരദേശ‐മലയോര പാതകൾക്ക് 10,000 കോടി രൂപവീതം ചെലവാക്കും. യുഡിഎഫ് ആക്ഷേപ പുകമറ പരത്താൻ നോക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതി നാടിന് വെളിച്ചം കിട്ടാനുള്ളതാണ്. ഇടതടവില്ലാതെ വൈദ്യുതി കിട്ടുന്നതിന് പ്രസരണരംഗത്ത് മികച്ച സംവിധാനമൊരുക്കാനാണ് കെഎസ്ഇബിയും വൈദ്യുതി വകുപ്പും കിഫ്ബിയും ചേർന്ന് നിർദിഷ്ട പദ്ധതി നടപ്പാക്കുന്നത്. എസ്റ്റിമേറ്റ് തുകയ്ക്ക് അധികമായി നിർമാണ കരാർ നൽകിയെന്നുപറഞ്ഞാണ് ചെന്നിത്തലയും കൂട്ടരും കോലാഹലം കൂട്ടുന്നത്.

എസ്റ്റിമേറ്റിനേക്കാൾ കൂടുതലാണ് ടെൻഡർ തുകയെങ്കിൽ അത് പരിശോധിച്ച് തീരുമാനമെടുക്കാൻ ഓരോ തലത്തിലും പ്രത്യേക സംവിധാനമുണ്ട്. അതുപ്രകാരമാണ് ട്രാൻസ്ഗ്രിഡ് പദ്ധതിക്ക് കരാർ നൽകിയിട്ടുള്ളത്. ഈ പദ്ധതി ആദ്യം നടപ്പാക്കുന്നത് മലപ്പുറം, കോട്ടയം ജില്ലകളിലാണ്. യുഡിഎഫിന് കൂടുതൽ സ്വാധീനമുള്ളതെന്ന് അവർ അവകാശപ്പെടുന്ന ജില്ലകളാണിത്. മുടക്കമില്ലാതെ ഗുണനിലവാരമുള്ള വൈദ്യുതി കിട്ടുമ്പോൾ അവിടത്തെ ജനങ്ങൾ യുഡിഎഫ് നേതാക്കളോട് സ്വാഭാവികമായും ചോദിക്കും “എന്തേ നിങ്ങൾ ഭരിച്ചപ്പോൾ ഞങ്ങൾക്ക് ഇങ്ങനെ വെളിച്ചം കിട്ടാതിരുന്നത്?’. ഈ ചോദ്യം ഭയക്കുന്നതുകൊണ്ടാണ് കിഫ്ബി പദ്ധതികൾക്ക് മാർഗതടസ്സമുണ്ടാക്കാൻ അഴിമതി ആക്ഷേപ വ്യവസായവുമായി യുഡിഎഫ് നേതാക്കൾ ഇറങ്ങിയിരിക്കുന്നത്.

കിഫ്ബിയുടെ തുടക്കത്തിൽ ഇതൊരു “ആകാശകുസുമ’മെന്നുപറഞ്ഞ് ആക്ഷേപിച്ചവരാണ് പണം ചെലവഴിച്ച് പദ്ധതി നടപ്പാക്കാൻ തുടങ്ങുമ്പോൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മാർഗതടസ്സമുണ്ടാക്കാൻ നോക്കുന്നത്.ഭരണം അഴിമതിക്ക് എന്നതാണ് കോൺഗ്രസിന്റെ മുദ്രാവാക്യം. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണങ്ങളിലൂടെ കോൺഗ്രസ് അത് തെളിയിച്ചു. ടൂജി സ്പെക്ട്രം, ആദർശ് ഫ്ളാറ്റ്, ദേശീയ ഗെയിംസ് തുടങ്ങിയ കുംഭകോണങ്ങൾ എത്രയെത്ര! റഫേൽ, ഖനി തുടങ്ങിയ അഴിമതിക്കേസുകളിലൂടെ ബിജെപിയും കോൺഗ്രസിന്റെ അഴിമതിപാതയിലാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമാകുന്നു. എന്നാൽ, അഴിമതിരഹിത ഭരണത്തിൽ എൽഡിഎഫ് സർക്കാർ ഇന്ത്യക്ക് മാതൃകയാണ്. ഈ പശ്ചാത്തലത്തിൽവരുന്ന അഞ്ച്‌ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ അഴിമതി പ്രധാനപ്പെട്ട വോട്ടെടുപ്പ് വിഷയങ്ങളിലൊന്നാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here