ജമ്മു കശ്‌മീരിനെ മോദി സർക്കാർ ജയിലാക്കി മാറ്റി; കശ്‌മീർ വലിയൊരു മുന്നറിയിപ്പെന്ന് പ്രകാശ്‌ കാരാട്ട്‌

ജമ്മു കശ്‌മീരിനെ മോദി സർക്കാർ ജയിലാക്കി മാറ്റിയതായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌. അമ്പതു ദിവസമായി കശ്‌മീർ ജനതക്ക്‌ സ്വതന്ത്രമായി യാത്രചെയ്യാനോ മൊബൈൽ ഉപയോഗിക്കാനോ, സ്‌കൂളിലോ ആശുപത്രിയിലോ പോകാനോ സാധിക്കുന്നില്ല. ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്‌മീരിന്റെ പുരോഗതിക്കാണിതെന്നാണ്‌ ബിജെപി പറയുന്നത്‌. 75 ലക്ഷം ജനങ്ങൾക്കാണ്‌ ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത്‌. കശ്‌മീർ രാജ്യത്തിന്‌ നൽകുന്നത്‌ വലിയൊരു മുന്നറിയിപ്പാണെന്നും കാരാട്ട്‌ പറഞ്ഞു. പാട്യം ഗോപാലൻ ചരമദിനത്തോടനുബന്ധിച്ച്‌ പാട്യം മിനി സ്‌റ്റേഡിയത്തിൽ ചേർന്ന പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി അധികാരത്തിലെത്തി നാലു മാസത്തിനിടയിൽ അപകടകരമായ നടപടികളാണ്‌ ഒന്നിനുപിറകെ ഒന്നായി സ്വീകരിക്കുന്നത്‌. ഒന്നാം മോഡി സർക്കാരിനേക്കാൾ അക്രമോത്സുകമായ നയങ്ങളാണെല്ലാം. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും മതനിരപേക്ഷതയുമെല്ലാം വെല്ലുവിളിക്കപ്പെടുകയാണ്‌. ഹിന്ദുത്വ അജൻഡയാണ്‌ രാജ്യത്ത്‌ അടിച്ചേൽപ്പിക്കാൻ നോക്കുന്നത്‌. ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു നേതാവ്‌, ഒരു ജനത എന്ന മുദ്രാവാക്യം ഇതിന്റെ ഭാഗമാണ്‌. ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കിന്റെ അടിത്തറയാണ്‌ തകർക്കുന്നത്‌. ആർഎസ്‌എസ്‌ ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മതന്യൂനപക്ഷങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്‌–കാരാട്ട്‌ പറഞ്ഞു.

ബിജെപിയെ രാഷ്ട്രീയമായി എതിരിടാനുള്ള കെൽപ്പ്‌ കോൺഗ്രസിനില്ലെന്നും ഇടതുപക്ഷവും സിപിഐ എമ്മും മാത്രമാണ്‌ കേന്ദ്രനയത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതെന്നും കാരാട്ട്‌ പറഞ്ഞു. പ്രധാന പ്രശ്‌നങ്ങളിൽ പ്രതിപക്ഷ പാർടിയെന്ന നിലയിൽ കോൺഗ്രസിന്‌ ഇടപെടാനാവുന്നില്ല. കശ്‌മീർ വിഷയം പാർലമെന്റിലെത്തിയപ്പോൾ ഇത്‌ വ്യക്തമായി. ബിജെപി നയങ്ങളെ എതിർക്കുന്നതിനുപകരം കോൺഗ്രസ്‌ നേതാക്കൾ ബിജെപിയിൽ ചേരുകയാണ്‌.

സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷ നേതാക്കളടക്കമുള്ളവരെ രാജ്യദ്രോഹികളായി മുദ്രകുത്തിയും കള്ളക്കേസിൽപ്പെടുത്തിയും ഭയപ്പെടുത്തുകയാണ്‌. തൊഴിലില്ലായ്‌മാ വേതനം അനുവദിക്കണമെന്നതടക്കം ആറിന അവകാശ പത്രിക മുന്നോട്ടുവച്ച്‌ രാജ്യമാകെ പൊതുപ്രചാരണവും സമരങ്ങളും സംഘടിപ്പിക്കുമെന്ന്‌ കാരാട്ട്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News