
പാലാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയുടെ മുഖം വീണ്ടും വികൃതമായി. വോട്ടെണ്ണിക്കഴിയുമ്പോൾ ബിജെപി സംസ്ഥാന നേതൃത്വം കുരുക്കിലാകുമെന്ന് പാലാ മണ്ഡലം പ്രസിഡന്റായിരുന്ന അഡ്വ. ബിനു പുളിക്കകണ്ടം പറഞ്ഞത് ശരിവെക്കുന്നതാണ് ഫലം.
പാലായിൽ ബിജെപി–യുഡിഎഫ് വോട്ട് കച്ചവട കരാറുണ്ടെന്നാണ് ബിനു വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ബിജെപിയുടെ വോട്ട് കിട്ടിയില്ലായിരുന്നുവെങ്കിൽ യുഡിഎഫിന്റെ നില കൂടുതൽ പരിതാപമായേനെ.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 26533 വോട്ടുണ്ടായിരുന്ന എൻഡിഎക്ക് നാലുമാസം കഴിഞ്ഞപ്പോൾ കിട്ടിയത് 18044 വോട്ട് മാത്രം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ സ്ഥാനാർഥിക്ക് 24821 വോട്ടുണ്ടായിരുന്നു.
അതിനുശേഷം പി സി തോമസ് വിഭാഗവും പി സി ജോർജ് വിഭാഗവും എൻഡിഎയിലേക്കുവന്നു. അയ്യായിരത്തോളം പേർ പുതിയതായി ബിജെപിയിൽ ചേർന്നതായും സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളതന്നെ പറഞ്ഞിട്ടുണ്ട്.
അങ്ങനെയായാൽ 35000 മുതൽ 37000 വരെ വോട്ട് ബിജെപി ലഭിക്കുമായിരുന്നുവെന്നാണ് ബിനു പറഞ്ഞത്. അതുണ്ടായില്ലെന്ന് മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ 6777 വോട്ടിന്റെ കുറവാണുണ്ടായത്.
യുഡിഎഫിൽനിന്ന് പണംവാങ്ങി 5,000 വോട്ട് സ്ഥാനാർഥി വിറ്റുവെന്നായിരുന്നു മണ്ഡലം പ്രസിഡന്റിന്റെ പ്രധാന ആരോപണം. ഇത് ശരിവയ്‌ക്കുന്നതാണ് ഫലം.
വോട്ട് കച്ചവടം അറിഞ്ഞ ഉടനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബിനു രാജിവച്ചിരുന്നു. എന്നാൽ ആർഎസ്‌എസ് നേതാക്കളുടെ അഭ്യർഥനയെ തുടർന്ന് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇക്കാര്യം പുറത്തുപറഞ്ഞിരുന്നില്ല.
എന്നാൽ തെരഞ്ഞെടുപ്പ് പൂർത്തിയായ ഉടനെ ജില്ലാ പ്രസിഡന്റുകൂടിയായ സ്ഥാനാർഥി പാർടിയിൽനിന്ന് സസ്‌പെൻഡ് ചെയ്‌തതായി പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. വോട്ട് കച്ചവടം പരസ്യപ്പെടുത്തുന്നതിന് തടയിടാനായിരുന്നു തിടുക്കത്തിലുള്ള സസ്‌പെൻഷൻ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here