തിരുവനന്തപുരം: ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസിയെ ‘ചങ്കുറ’പ്പോടെ നേരിട്ട പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു.

പെണ്‍കുട്ടി വണ്ടി തടയുന്ന ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ അവരെ കൈയ്യടിച്ചും ഡ്രൈവറെ താക്കീത് ചെയ്തും നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, വീഡിയോയിലൂടെ വൈറലായ സൂര്യ എന്ന യുവതി തന്നെ സംഭവത്തെക്കുറിച്ച് പറയുന്നു.

സൂര്യയുടെ വാക്കുകള്‍:

”റോഡില്‍ തിരക്കുള്ള സമയവുമായിരുന്നു. എന്റെ തൊട്ട് മുന്‍പില്‍ ഒരു ട്രാവലറും ഉണ്ടായിരുന്നു. എന്നാല്‍ സംഭവം നടക്കുന്നതിന് അല്‍പം മുന്‍പാണ് വലത് വശത്തുള്ള ഒരു ഇടറോഡിലേക്ക് അത് കയറിപ്പോയത്.

ആ വാഹനം പോയി കഴിഞ്ഞ് മുന്‍പില്‍ നോക്കുമ്പോള്‍ കാണുന്നത് കെഎസ്ആര്‍ടിസിയാണ്. പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ പകച്ച അവസ്ഥയിലായി.

ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാവുന്നത്. എന്ത് ചെയ്യണമെന്നറിയാതെ ചുറ്റുനോക്കിയ വീഡിയോയാണ് ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ഇട്ടത്.

സമൂഹമാധ്യമങ്ങളില്‍ പറയുന്നത് പോലെ അവിടെ കെഎസ്ആര്‍ടിസിയെ ചട്ടം പഠിപ്പിക്കാനൊന്നും ഞാന്‍ പോയിട്ടില്ല. പെട്ട് പോയ അവസ്ഥ ആയിരുന്നു എന്റേത്. ആ ഡ്രൈവര്‍ നല്ല എക്‌സ്പീരിയന്‍സുള്ള ആളാണെന്ന് തോന്നുന്നു.

കൂടുതല്‍ പ്രയാസമൊന്നും കൂടാതെ ബസ് എടുത്തുകൊണ്ട് പോവുകയായിരുന്നു. ഒരു ബസില്‍ നിന്ന് കുട്ടികളെ ഇറക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് സ്വാഭാവികമായി മുന്നോട്ട് എടുത്ത് വന്നതാവാനാണ് സ്ഥിതി.

‘ആ ഡ്രൈവര്‍ വില്ലനല്ല, മാന്യനാണ്’: സംഭവത്തിന്റെ സത്യാവസ്ഥ ഇതാണ്

 

കെഎസ്ആര്‍ടിസിക്ക് മാര്‍ഗ തടസമുണ്ടാക്കാനുള്ള മനപ്പൂര്‍വ്വമായുള്ള ശ്രമമൊന്നും നടത്തിയില്ല. ആ ഡ്രൈവര്‍ ചിരിച്ചുകൊണ്ടാണ് ബസ് എടുത്തുകൊണ്ട് പോയത്.

സാധാരണ ഇത്തരം സംഭവങ്ങളില്‍ ബസ് ജീവനക്കാര്‍ നല്ല ഡയലോഗുകള്‍ പറയും. അതുപോലും പറയാതെയാണ് ആ ഡ്രൈവര്‍ വണ്ടിയെടുത്ത് പോയത്.”- ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സൂര്യ പറഞ്ഞു.