
പാലാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാടും യു ഡി എഫിന് തിരിച്ചടി. തെങ്കര, കരിമ്പുഴ,ചാലിശ്ശേരി പഞ്ചായത്തുകളില്‍ യു ഡി എഫിന് ഭരണം നഷ്ടമായി.
എല്‍ ഡി എഫിന്റെ അവിശ്വാസം പാസായതോടെയാണ് തെങ്കരയിലും, കരിമ്പുഴയിലും യു ഡി എഫ് ഭരണമവസാനിച്ചത്. ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും യു ഡി എഫിന് തിരിച്ചടി.
കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റായ മുസ്ലീം ലീഗിന്റെ ഷീബ പട്ടത്തോടിക്കെതിരെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എല്‍ ഡി എഫിലെ ആറ് അംഗങ്ങളും വൈസ് പ്രസിഡന്റടക്കം 4 കോണ്‍ഗ്രസ് അംഗങ്ങളും അവിശ്വാസ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തു.
പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് – മുസ്ലീം ലീഗ് തര്‍ക്കം രൂക്ഷമായി. ഡി സി സി പ്രസിഡന്റ് നല്‍കിയ വിപ്പ് അവഗണിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രമേയത്തിനനുകൂലമായി നിലപാടെടുത്തത്.
അവിശ്വാസത്തെ പിന്തുണച്ച 4 കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്റ് ചെയ്തു. എന്നാല്‍ നേതൃത്വത്തിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് മെന്പര്‍മാര്‍ രംഗത്തെത്തി
തെങ്കരയില്‍ മുസ്ലീം ലീഗ് പ്രസിഡന്റ് എ സലീനക്കാണ് സ്ഥാനം നഷ്ടമായത്. 2018ല്‍ ഒരു വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് നഷ്ടമായ ഭരണമാണ് എല്‍ഡിഎഫ് തിരിച്ച് പിടിച്ചത്. എല്‍ ഡി എഫിലെ 9 അംഗങ്ങള്‍ പ്രമേയത്തിനനുകൂലമായി വോട്ട് ചെയ്തപ്പോള്‍ യു ഡി എഫിലെ 7 അംഗങ്ങളും ബി ജെ പിയിലെ 1 അംഗവും വിട്ട് നിന്നു.
യുഡിഎഫ് ഭരിക്കുന്ന ചാലിശ്ശേരി പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവന്നതിനെ തുടര്‍ന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചിരുന്നു. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി പി ഐ എം പിന്തുണയോടെ പ്രസിഡന്റായി അക്ബര്‍ ഫൈസല്‍ തെരഞ്ഞെടുക്കപ്പെട്ടു.
മുസ്ലീം ലീഗ് അംഗമായിരുന്ന അക്ബര്‍ ഫൈസല്‍ കഴിഞ്ഞ് ദിവസം ലീഗില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസ് ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചായത്തുകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതും യു ഡി എഫിലെ അനൈക്യവും എല്‍.ഡി.എഫിന് വലിയ പ്രതീക്ഷ നല്‍കുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here