വിദ്യാര്‍ത്ഥിയായ കോര്‍പ്പറേഷന്‍ കൗണ്‍സിലറെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നിങ്ങളെയും കേരളത്തേയും ഓര്‍ത്ത് അഭിമാനം തോന്നുന്നു; ഗവര്‍ണറെ അമ്പരപ്പിച്ച കുട്ടി കൗണ്‍സിലര്‍

തൈക്കാട് ആസ്ഥാനമായ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍സ് സ്റ്റഡീസ് ( കിറ്റസ്) ലെ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിനിയും അതേ വാര്‍ഡിലെ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വിദ്യാ മോഹനെയാണ് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് അഭിനനന്ദിച്ചത്.

ടൂറിസം മേഖലയിലെ ആഗോള ട്രെന്‍ഡുകളെ പറ്റി കിറ്റ്‌സ് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉത്ഘാടന വേദിയിലായിരുന്നു ഗവര്‍ണര്‍ അഭിനന്ദനം ചൊരിഞ്ഞത്. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആശംസാ പ്രാസംഗികയായി തൈക്കാട് വാര്‍ഡ് കൗണ്‍സിലര്‍ വിദ്യാമോഹനും ഉണ്ടായിരുന്നു.

ആശംസാ പ്രസംഗം നടത്തുന്നതിനിടെ ഗവര്‍ണക്ക് അടുത്തിരുന്ന ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രനാണ് വിദ്യാമോഹന്‍ കിറ്റ്‌സിലെ വിദ്യാര്‍ത്ഥിനിയും , അതേ സമയം തന്നെ തൈക്കാട് വാര്‍ഡിലെ കൗണ്‍സിലറുമാണെന്ന് ഗവര്‍ണറെ പരിചയപെടുത്തിയത്.

പ്രസംഗം സശ്രദ്ധം ശ്രവിച്ച ഗവര്‍ണര്‍ വിദ്യാ മോഹന്‍ ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോള്‍ എണ്ണീറ്റ് നിന്ന് വിദ്യയെ അഭിനന്ദിച്ചു. നിങ്ങളെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും , പ്രസംഗം ഇഷ്ടപ്പെട്ടെന്നും പറഞ്ഞ് അഭിനന്ദിക്കുകയായിരുന്നു.

പൊതു പ്രവര്‍ത്തനവും , പഠനവും ഒരു പോലെ കൊണ്ട് പോകുന്നതെങ്ങനെയെന്ന് ചോദിച്ച് മനസിലാക്കി. ഗവര്‍ണറുടെ ഉത്ഘാടന പ്രസംഗത്തിലും വിദ്യയെ അഭിനന്ദിക്കാന്‍ അദ്ദേഹം മറന്നില്ല. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ ഉത്തരവാദിത്വവും നിറവേറ്റുന്ന വിദ്യാമോഹനെ പോലയുളളവര്‍ സമൂഹത്തിന് മാതൃകയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിചേര്‍ത്തു. താന്‍ 1969 ല്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടം അദ്ദേഹം അനുസ്മരിച്ചു.

ഉത്തര്‍പ്രദേശിലെ അല്‍മോറ സര്‍വ്വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കവേയാണ് കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്കിനെ പറ്റി ആദ്യമായി കേള്‍ക്കുന്നത്, അന്ന് മുതല്‍ കേരളത്തോട് ഒരു പ്രത്യേക ആദരവ് ഉണ്ടായിരുന്നു .ഇവിടെ വന്ന് വിദ്യമോഹന്റെ കഥ കൂടി കേട്ടതോടെ അത് മതിപ്പ് വര്‍ദ്ധിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞപ്പോള്‍ സദസില്‍ കൈയ്യടികള്‍ മുഴങ്ങി.

പരിപാടിക്ക് ശേഷം രാജ്ഭവനില്‍ മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിദ്യാമോഹനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യാനും മറന്നില്ല. 20മത്തെ വയസിലാണ് തൈക്കാട് വാര്‍ഡില്‍ നിന്ന് വിദ്യാമോഹന്‍ മികച്ച ഭൂരിപക്ഷത്തിന് കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സിപിഐഎം കൗണ്‍സിലറായ വിദ്യാമോഹന്‍ കഴിഞ്ഞ വര്‍ഷമാണ് കിറ്റ്‌സില്‍ എംബിഎ കോഴ്‌സിന് ചേരുന്നത്.

പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയിലും എംബിഎ ഒന്നാം വര്‍ഷ പരീക്ഷ മെച്ചപ്പെട്ട രീതിയില്‍ വിജയിക്കാന്‍ വിദ്യാമോഹനായി. ഡിവൈഎഫ്‌ഐ പാളയം ബ്‌ളോക്ക് കമ്മറ്റി അംഗമായ വിദ്യാമോഹന്‍ തിരുവനന്തപുരം നഗരത്തിലെ യുവജന സംഘടനാ പ്രവര്‍ത്തത്തിലെ സജീവമുഖമാണ്

കേരളാ ടൂറിസത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന ദ്വിദിന ശില്‍പ്പശാലയില്‍ നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്. .കേരളാ ടൂറിസത്തിന് നിരവധി അന്തര്‍ദേശീയ , ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിന്നതില്‍ മുഖ്യ പങ്ക് വഹിച്ച മന്ത്രി കടകംപളളി സുരേന്ദ്രനേയും അദ്ദേഹം അഭിനന്ദിച്ചു.

വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപെടുത്താന്‍ ബാരിയര്‍ ഫ്രീ ടൂറിസം,വെര്‍ച്ചല്‍ ഗൈഡിംഗ് എന്നീ മൂതനമായ സങ്കല്‍പ്പങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്ന നിര്‍ദ്ദേശം ഗവര്‍ണര്‍ മുന്നോട്ട് വെച്ചു.

വിഎസ് ശിവകുമാര്‍ എംഎല്‍എ, യുന്‍ഡബ്‌ള്യുടിഒ ഏഷ്യ പസഫിക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ ഹേ ഗുക് വാങ്ങ്, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ അയാട്ടോ സീനിയര്‍ വൈസ് പ്രസിഡന്റ് ഇഎം നജീബ് ,കേരളാ ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബോബി മാത്യു ,കിറ്റ്‌സ് ഡയറക്ടര്‍ ഡോ.രാജശ്രീ അജിത്ത് ,ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് ഐഎഎസ്, കിറ്റ്‌സ് പ്രിന്‍സിപ്പള്‍ ഡോ.ബി രാജേന്ദ്രന്‍ എന്നീവര്‍ ഉത്ഘാടന സമ്മേളനത്തില്‍ പങ്കാളികളായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News