നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച അമ്മയെ പൊലീസ് പിടികൂടി

നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് വഴിയരികില്‍ ഉപേക്ഷിച്ചു കടന്നു. സംഭവത്തിന് ശേഷം ഓട്ടോയില്‍ കടന്നുകളഞ്ഞ കുട്ടിയുടെ മാതാവിനെ പരിസരത്തെ നിരീക്ഷണ ക്യാമറകളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കകം തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. അഞ്ചല്‍ വയലാ സ്വദേശിയായ യുവതിയാണ് പിടിയിലായത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെ മേവറം – അയത്തില്‍ ബൈപാസ് റോഡില്‍ നിന്നും ശ്രീനാരായണ പബ്ലിക് സ്‌കൂളിലേക്കുള്ള വഴിയിലായിരുന്നു സംഭവം. റോഡരികില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ട വഴിയാത്രക്കാരാണ് സമീപത്തെ ആക്രികടയ്ക്ക് സമീപം കുഞ്ഞിനെ ടവ്വലില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ ഹൈവേ പോലീസും പിങ്ക് പോലീസും ചേര്‍ന്ന് കുഞ്ഞിനെ പാലത്തറയിലുള്ള എന്‍.എസ്.സഹകരണ ആശുപത്രിയില്‍ എത്തിച്ചു .തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം നടക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് ഒരു യുവതി ഇവിടെയുള്ള ആട്ടോസ്റ്റാന്‍ഡില്‍ നിന്നും ആട്ടോ വിളിച്ചു പോയതായി അറിയുന്നത്. പരിസരത്തെ കടയിലെ നിരീക്ഷണ ക്യാമറയില്‍ നിന്നും പോലീസിന് ഇതു സംബന്ധിച്ച വിവരങ്ങളും ലഭിച്ചിരുന്നു.

തുടര്‍ന്ന് ആട്ടോ ഡ്രൈവറും നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലില്‍ അയത്തില്‍ ബൈപാസ് ജംഗ്ഷനില്‍ നിന്നും യുവതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. പിങ്ക് പോലീസും ഇരവിപുരം പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ ആദ്യം എന്‍.എസ്.സഹകരണ ആശുപത്രിയിലും പിന്നിട് യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലും പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു.

അഞ്ചല്‍ വയലാ സ്വദേശിയായ യുവതി ഇക്കഴിഞ്ഞ 25നാണ് തൃശൂരിലെ ഒരു ആശുപത്രിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചതെന്നാണ് പൊലീസിന് യുവതി നല്‍കിയ മൊഴി. യുവതിയുടെ സുഹൃത്തായ അനിയന്‍ ബാവാ എന്നു വിളിക്കുന്ന സുനിയുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിനെ ഇവിടെ ഉപേക്ഷിചതെന്നാണ് യുവതി പറയുന്നത്.

കുഞ്ഞിനെ ഉപേക്ഷിക്കുമ്പോള്‍ ഇയാളും ഉണ്ടായിരുന്നതായാണ് പോലീസ് കരുതുന്നത്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ പിങ്ക് പോലീസിന്റെ സഹായത്തോടെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News