പാലാരിവട്ടം പാലം അഴിമതി; മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നെന്ന്‌ വിജിലൻസ്

പാലാരിവട്ടം പാലം നിർമാണത്തിൽ കരാറുകാരന് മുൻകൂറായി പണം അനുവദിച്ചതിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നെന്ന്‌ വിജിലൻസ്. നാലാംപ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി ഒ സൂരജിനെ ജയിലിൽ ചോദ്യം ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്‌ച ഹൈക്കോടതിയിൽ സമർപ്പിക്കുന്ന അധിക സത്യവാങ്മൂലത്തിലാണ്‌ ഈ വിവരം ഉൾപ്പെടുത്തുക. മുൻകൂർ പണം നൽകാൻ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ്‌ ഇടപെട്ടതിന്റെ രേഖകളും വിജിലൻസിന്‌ ലഭിച്ചു.

കരാറെടുത്ത ആർഡിഎസ്‌ പ്രോജക്ടിന്‌ മൊബിലൈസേഷൻ അഡ്വാൻസായി 8.25 കോടി രൂപ നൽകിയതിലൂടെ വർഷതോറും പലിശയിനത്തിൽ ഖജനാവിന്‌ 56 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി. നാല്‌ വർഷത്തിനിടയിൽ 2.24 കോടിയാണ്‌ നഷ്‌ടം. 2014ലെ അക്കൗണ്ടന്റ്‌ ജനറലിന്റെ റിപ്പോർട്ടിൽ ഇത്‌ വ്യക്തമാക്കിയതായും വിജിലൻസ്‌ പറയുന്നു. പണം കൈമാറിയതിൽ ഇബ്രാഹിംകുഞ്ഞ്‌ ഒപ്പിട്ട ഫയലുകളാണ്‌ വിജിലൻസിന്‌ ലഭിച്ചത്‌. കമ്പനി എംഡി സുമിത്‌ ഗോയലിന്റെ അപേക്ഷയിൽ ഞൊടിയിടയിലാണ്‌ കാര്യങ്ങൾ നടന്നത്‌.

റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷനാണ്‌ അപേക്ഷ നൽകിയത്‌. അവ അന്നത്തെ എംഡി എ പി എം മുഹമ്മദ്‌ ഹനീഷ്‌ വകുപ്പിന്‌ കൈമാറി. മന്ത്രി പറഞ്ഞിട്ടാണ്‌ പണം നൽകിയതെന്നാണ്‌ ടി ഒ സൂരജ്‌ കോടതിയിൽ വെളിപ്പെടുത്തിയത്‌. വിജിലൻസിനും സമാന മൊഴി നൽകി. റിമാൻഡിൽ കഴിയുന്ന ടി ഒ സൂരജ്‌ ഉൾപ്പെടെയുള്ളവരുടെ ജാമ്യഹർജി തള്ളണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ വിജിലൻസ്‌ ഹൈക്കോടതിയിൽ തിങ്കളാഴ്‌ച പുതുക്കിയ സത്യവാങ്‌മൂലം നൽകുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News