ജനസേവനവും ജനസൗഹാര്‍ദ്ദവും ഒരുമിച്ച് കൊണ്ടുപോകുന്നതിന് കാക്കിയൊരിക്കലും തടസ്സമല്ലെന്ന് പലകുറി തെളിയിച്ചിട്ടുണ്ട് കേരള പൊലീസിലെ മിടുക്കന്‍മാര്‍. ഇപ്പോഴിതാ നാട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കേരള പൊലീസുകാരുടെ വീഡിയോ വൈറലാവുകയാണ്. ഇതാണ് ശരിക്കുള്ള ജനമൈത്രിയെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. നാട്ടുകാരോടൊപ്പമുള്ള പൊലീസുകാരുടെ ക്രിക്കറ്റ് കളി സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. വിതുര സ്റ്റേഷനിലെ പൊലീസുകാരാണ് ഗ്രൗണ്ടിലിറങ്ങി ജനകീയരായതെന്നാണ് പോസ്റ്റില്‍ പറയുന്നത്.

പ്രദേശത്തെ യുവാക്കള്‍ക്കൊപ്പം ബാറ്റ് ചെയ്തും ഫീല്‍ഡ് ചെയ്തും സിക്‌സ് പറത്തിയും റണ്ണിനായി ഓടിയും വിക്കറ്റ് വീഴ്ത്തിയും പൊലീസുകാര്‍ കളിയില്‍ മുഴുകുന്നത് വീഡിയോയില്‍ കാണാം. പൊലീസുകാരുടെ ഈ ജനമൈത്രി ക്രിക്കറ്റ് എന്തായാലും സോഷ്യല്‍മീഡിയക്കും നന്നേ ബോധിച്ചു.. നിരവധിയാളുകളാണ് പൊലീസുകാരെ പ്രശംസിച്ച് രംഗത്തെത്തിയത്. പലരും രസകരമായ കമന്റുകളും പാസാക്കി.

ഇങ്ങനെ സൗഹൃദത്തോടെ ഇടപഴകുന്ന പൊലീസുകാരെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, ഇതാവണം പൊലീസ് എന്നതുള്‍പ്പെടെയുള്ള കമന്റുകളാണ് പലരും പോസ്റ്റ് ചെയ്തിട്ടുള്ളത്. സ്റ്റേഷനില്‍ ഈ ജനമൈത്രിയൊന്നും കാണാറില്ലെന്ന് രസകരമായി പരാതിപ്പെട്ടവരും കുറവല്ല..