ചെറുപു‍ഴ കരാറുകാരന്‍റെ മരണം: കോണ്‍ഗ്രസ് ക്രൂരതയ്ക്കെതിരെ ബഹുജന രോഷമിരമ്പി

കരാറുകാരൻ ജോസഫ് മുതുപാറക്കുന്നേലിനെ മരണത്തിലേക്കുനയിച്ച കോൺഗ്രസ്‌ വഞ്ചനയെയും സാമ്പത്തിക തട്ടിപ്പിനെയും കുറിച്ച്‌ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ചെറുപുഴയിൽ ഉജ്വല ബഹുജന മാർച്ച്‌.

എൽഡിഎഫ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന മാർച്ചിലും ധർണയിലും സ്‌ത്രീകളടക്കം ആയിരങ്ങളാണ്‌ അണിനിരന്നത്‌. ചെറുപുഴ ബസ് സ്റ്റാൻഡിൽ നിന്ന്‌ ആരംഭിച്ച മാർച്ച്‌ നഗരം ചുറ്റി മേലേ ബസാറിൽ സമാപിച്ചു.

ധർണ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി എൻ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ഒരു കുടുംബത്തെ അനാഥമാക്കി, കട്ടുമുടിച്ച പണംകൊണ്ട് സുഖിക്കുന്ന കോൺഗ്രസുകാർക്ക് നാട് മാപ്പുതരില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ നേതൃത്വത്തിന്റെ സാമ്പത്തിക തട്ടിപ്പും ജോസഫിന്റെ കുടുംബത്തോടു കാണിച്ച ക്രൂരതയും തുറന്നുകാട്ടുന്നതായി ജനകീയ പ്രതിഷേധം.

ജോസഫിന് നൽകാനുള്ള ഒന്നരക്കോടിയോളം രൂപയിൽ 10 ലക്ഷമെങ്കിലും പറഞ്ഞ ദിവസം നൽകിയിരുന്നെങ്കിൽ ആ കുടുംബം അനാഥമാകില്ലായിരുന്നെന്ന്‌ നാട്ടുകാർ ചൂണ്ടിക്കാട്ടി.

അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി സ്ഥാപിക്കുമെന്ന്‌ വിശ്വസിപ്പിച്ചാണ്‌ ജനങ്ങളിൽനിന്ന്‌ പണം സമാഹരിച്ചത്‌. ആശുപത്രിയുമില്ല, പണവുമില്ല. കേരളം കണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് നടന്നത്.

കോൺഗ്രസ്‌ നേതാക്കൾ ഇപ്പോൾ പല കേസുകളിൽ ജയിലിൽ കിടക്കുകയാണ്. ജോസഫിന്റെ ആത്മഹത്യാപ്രേരണക്കേസിൽ അകത്തായ റോഷി ജോസ് പീഡനക്കേസിൽ പ്രതിയാണ്.

അയാളെ കോൺഗ്രസിൽനിന്ന്‌ പുറത്താക്കാൻ വി എം സുധീരനോ മുല്ലപ്പള്ളി രാമചന്ദ്രനോ ഇടപെട്ടിട്ടില്ലെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ ചൂണ്ടിക്കാട്ടി.

എൽഡിഎഫ് പയ്യന്നൂർ മണ്ഡലം കൺവീനർ ടി ഐ മധുസൂദനൻ അധ്യക്ഷനായി. ടി വി രാജേഷ് എംഎൽഎ, സി കൃഷ്ണൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാർ, എൻസിപി നേതാവ് വി വി കുഞ്ഞികൃഷ്ണൻ, കോൺഗ്രസ്‌ –-എസ് ജില്ലാ പ്രസിഡന്റ്‌ കെ കെ ജയപ്രകാശ്, കേരള കോൺഗ്രസ്‌ –-ബി നേതാവ് ജോസ് ചെമ്പേരി, ജെഡിഎസ് നേതാവ് സുഭാഷ് അയ്യോത്ത്, എൽജെഡി നേതാവ് പി വി ദാസൻ തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here