മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാം ഭാഗമാണ് തന്റെ അടുത്ത സിനിമയെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനു പിന്നാലേ കൈരളി ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

ആ പ്രഖ്യാപനത്തിന്റെ ദൃശ്യങ്ങള്‍ എതിരാളികളുടെ ട്രോളിന് ഇരയായിരുന്നു. പാലായില്‍ തോല്ക്കുമെന്ന് കാപ്പന്‍ നേരത്തേ സമ്മതിച്ചു എന്നാണ് പുതിയ സിനിമ പ്രഖ്യാപിച്ചതിന്റെ അര്‍ത്ഥമെന്നായിരുന്നു വ്യാഖ്യാനം. എംഎല്‍എ ആയാല്‍ സിനിമ ചെയ്യാന്‍ പറ്റില്ലല്ലോ, സിനിമ ചെയ്യും എന്നു പറയുന്നത് എംഎല്‍എ ആകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. – അതായിരുന്നു ട്രോളുകളുടെ ന്യായം.

പാലായില്‍ അട്ടിമറി വിജയം നേടിയതിനു പിന്നാലേ കൈരളി ന്യൂസിലെ അന്യോന്യം പംക്തിയില്‍ സംസാരിക്കുമ്പോഴാണ് കാപ്പന്‍ ഈ ട്രോളുകള്‍ക്കു മറുപടി പറഞ്ഞത്.

”ഞാന്‍ തോല്ക്കും എന്നാണല്ലോ അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം. ഇപ്പോള്‍ ഞാന്‍ എംഎല്‍എ ആയല്ലോ. അതുതന്നെയാണ് അവര്‍ക്കുള്ള മറുപടി” – കാപ്പന്‍ വ്യക്തമാക്കി.

”എന്നെ ട്രോളിയവര്‍ക്ക് ഭാഗ്യവുമില്ല വിവരവുമില്ല. അവര്‍ക്കു ഭാഗ്യമില്ലെന്ന് ഞാന്‍ എംഎല്‍എ ആയപ്പോള്‍ തെളിഞ്ഞു.”

”എംഎല്‍എ ആയിരുന്നുകൊണ്ട് സിനിമ പിടിക്കാനാവില്ല എന്നാണ് അവരുടെ ധാരണ. അത് വിവരമില്ലാത്തതുകൊണ്ടാണ്.”

”മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ നിര്‍മ്മാതാവായിരുന്നു ഞാന്‍. രണ്ടോ മൂന്നോ പ്രാവശ്യമേ ആ പടം പിടിക്കുന്നിടത്തു ഞാന്‍ പോയിട്ടുള്ളൂ. നിര്‍മാതാവിന്റെ ജോലി പടം പിടിക്കാന്‍ കാശ് എത്തിക്കുകയാണ്.”

”നടന്മാര്‍ വരെ എംഎല്‍എ ആയ കാലത്താണ് എംഎല്‍എ ആയാല്‍ നിര്‍മാതാവ് ആകാന്‍ കഴിയില്ല എന്ന് ട്രോളന്മാര്‍ പറയുന്നത്. ഗണേശും മുകേഷുമൊക്കെ എംഎല്‍എ ആയിരുന്നുകൊണ്ടു തന്നെ സിനിമയില്‍ അഭിനയിക്കുന്നതൊന്നും ഇവര്‍ക്ക് അറിയില്ലേ?.”

”പടത്തിന്റെ രണ്ടാം ഭാഗം താന്‍ ചെയ്യുക തന്നെ ചെയ്യും. എംഎല്‍എയുടെ ഒരു പണിയും മുടങ്ങാതെ അതു ചെയ്യും”. കാപ്പന്‍ വിശദമാക്കി.

മാണി സി കാപ്പന്‍ നിര്‍മിച്ച ഹിറ്റ് ചിത്രങ്ങളുടെ നിരയില്‍ എന്നും മുന്നില്‍ നില്ക്കുന്നതാണ് മേലേപ്പറമ്പില്‍ ആണ്‍ വീട്.

1993-ല്‍ പുറത്തിറങ്ങിയപ്പോഴേ ചിത്രം തിയറ്ററുകളില്‍ ഹിറ്റായിരുന്നു. പിന്നാലേ, ടെലിവിഷനുകള്‍ ഏറ്റെടുത്തതോടെ ഈ പടം മിനി സ്‌ക്രീനുകളിലും ചരിത്രം സൃഷ്ടിച്ചു. ഏറ്റവും കൂടുതല്‍ റിപ്പീറ്റ് ചെയ്യുന്ന മലയാള ചലച്ചിത്രങ്ങളില്‍ മുന്‍നിരയിലാണ് ഇപ്പോള്‍ മേലേപ്പറമ്പില്‍ ആണ്‍വീട്.

ഈ പടത്തിന്റെ രണ്ടാം ഭാഗം ഉടന്‍ എടുക്കും എന്ന പ്രഖ്യാപനമാണ് മാണി സി കാപ്പന്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്.