ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്‌ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്‌ വൈകിപ്പിക്കാൻ വിചിത്രവാദവുമായി കേന്ദ്രം

കഞ്ചിക്കോട്‌: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്‌ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്‌ വൈകിപ്പിക്കാൻ വിചിത്രവാദവുമായി കേന്ദ്രം.

സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമിക്ക്‌ വിലയായി 600 കോടി രൂപ വേണമെന്ന്‌ കേന്ദ്ര സർക്കാർ ചീഫ്‌ സെക്രട്ടറിക്ക്‌ കത്ത്‌ നൽകി. കൈമാറ്റത്തിനായി ധാരണാപത്രം ഒപ്പിട്ട ശേഷമാണ്‌ നടപടി വൈകിപ്പിക്കുന്നതിന്‌ പുതിയ നിബന്ധന വച്ചത്‌.

നിലവിലെ ആസ്‌തിക്കനുസരിച്ച്‌ 64 കോടി രൂപ നൽകി കഴിഞ്ഞ വർഷം നവംബർ 16നാണ്‌ ധാരണാപത്രം ഒപ്പുവച്ചത്‌. 1974ൽ പ്രവർത്തനം ആരംഭിച്ച ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്‌ താപ- ആണവവൈദ്യുത നിലയങ്ങൾ, എണ്ണശുദ്ധീകരണശാലകൾ, ഉരുക്ക്‌, രാസവള വ്യവസായങ്ങൾ എന്നിവയ്‌ക്കുള്ള വിവിധയിനം വാൽവുകൾ നിർമിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാസ്ഥാപനമാണ്‌.

മാതൃസ്ഥാപനമായ രാജസ്ഥാനിലെ കോട്ട യൂണിറ്റ്‌ നഷ്ടത്തിൽ പ്രവർത്തിച്ചതിനാൽ പൂട്ടിയപ്പോൾ 163 കോടി രൂപയുടെ അറ്റാദായം പാലക്കാട്‌ യൂണിറ്റ്‌ ഉണ്ടാക്കിയിരുന്നു.

കോട്ട യൂണിറ്റ്‌ നഷ്ടത്തിലായതിനാൽ പാലക്കാട്‌ യൂണിറ്റ്‌ സ്വതന്ത്രമാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നപ്പോഴാണ്‌ സ്ഥാപനം സംസ്ഥാന സർക്കാരിന്‌ കൈമാറാണമെന്ന്‌ ആവശ്യപ്പെട്ട്‌ അന്നത്തെ എംപിയായ എം ബി രാജേഷ്‌ പ്രധാനമന്ത്രിക്ക്‌ കത്ത്‌ നൽകിയത്‌. ഇത്‌ അംഗീകരിച്ചാണ്‌ വില നൽകി സ്ഥാപനം ഏറ്റെടുക്കാൻ പിണറായി സർക്കാർ നടപടി പൂർത്തിയാക്കിയത്‌.

1966ൽ കഞ്ചിക്കോട്‌ യൂണിറ്റ്‌ തുടങ്ങാൻ 120 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ സൗജന്യമായി വിട്ടു നൽകിയിരുന്നു. ഈ സ്ഥലത്തിനാണ്‌ 600 കോടിരൂപ നൽകണമെന്ന ആവശ്യം ഉന്നയിക്കുന്നത്‌.

വിപണിവിലയും തൊഴിലാളികളുടെ ആനുകൂല്യവും കണക്കാക്കിയാണ്‌ 64 കോടി രൂപയുടെ കരാർ ഒപ്പ്‌ വച്ചത്‌. ഇൻസ്ട്രുമെന്റേഷൻ യൂണിറ്റ്‌ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിൽ ബിജെപിക്ക്‌ എതിർപ്പാണ്‌. സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറണമെന്ന്‌ കേരള ഘടകം സമ്മർദം ചെലുത്തുന്നതിനിടയിലാണ്‌ കേന്ദ്രസർക്കാർ പുതിയ നിർദേശം മുന്നോട്ടു വച്ചത്‌.

ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച്‌ സംസ്ഥാന സർക്കാരിന്‌ യൂണിറ്റ്‌ കൈമാറാനുള്ള നടപടി വേഗത്തിലാക്കണമെന്നും അല്ലാത്തപക്ഷം ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്ര പൊതുമേഖലാസ്ഥാപനത്തിന്റെ അന്ത്യമുണ്ടാകുമെന്നും അവർ ആശങ്കപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here