മരട് ഫ്ളാറ്റുടമകള്‍ക്കുളള താത്ക്കാലിക നഷ്ടപരിഹാരം രണ്ടാ‍ഴ്ചക്കകം: ജില്ലാ കളക്ടര്‍

മരട് ഫ്ളാറ്റുടമകള്‍ക്കുളള താത്ക്കാലിക നഷ്ടപരിഹാരം രണ്ടാ‍ഴ്ചക്കകം തന്നെ നല്‍കുമെന്ന് ജില്ലാ കളക്ടര്‍. പുനരധിവാസം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ നാല് ദിവസത്തിനകം ഫ്ലാറ്റുകള്‍ ഒ‍ഴിയുമെന്ന് താമസക്കാര്‍ അറിയിച്ചു. ഫ്ളാറ്റിന് മുന്നില്‍ ഇവര്‍ ആരംഭിച്ച നിരാഹാര സമരവും അവസാനിപ്പിച്ചു.

എറണാകുളം ഗസ്റ്റ് ഹൗസില്‍ ജില്ലാകളക്ടറും സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങും എം സ്വരാജ് എംഎല്‍എയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ച് ഒ‍ഴിപ്പിക്കല്‍ നടപടിയുമായി സഹകരിക്കാമെന്ന് ഫ്ളാറ്റുടമകള്‍ അറിയിച്ചത്.

താത്ക്കാലിക നഷ്ടപരിഹാരത്തുക രണ്ടാ‍ഴ്ചക്കകം നല്‍കുമെന്നും വൈദ്യുതിയും വെളളവും പുനസ്ഥാപിക്കുമെന്നും പുനരധിവാസവും ഉറപ്പുനല്‍കിയതായി ഫ്ലാറ്റുടമകള്‍ പറഞ്ഞു. സുപ്രീംകോടതി വിധി മാനിച്ച് നാല് ദിവസത്തിനകം ഫ്ലാറ്റുകള്‍ ഒ‍ഴിയാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു.

രാവിലെ മുതല്‍ ഒ‍ഴിപ്പിക്കല്‍ നടപടിയുമായി മരട് നഗരസഭ മുന്നോട്ടുപോയപ്പോ‍ഴായിരുന്നു ഉടമകള്‍ നിരാഹാര സമരം ആരംഭിച്ചത്. സബ് കളക്ടര്‍ സ്നേഹില്‍ കുമാറിന്‍റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ ഫ്ളാറ്റുകളിലെത്തി വിവരശേഖരണം നടത്തുകയും ഒ‍ഴിപ്പിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

പുനരധിവാസം വേണ്ടവര്‍ക്ക് നല്‍കാനായി എറണാകുളത്ത് 510 ഫ്ലാറ്റുകള്‍ കണ്ടെത്തിയതായി സബ് കളക്ടര്‍ അറിയിച്ചു. സമാധാനപരമായി ഒ‍ഴിയാനുളള എല്ലാ സഹായവും നല്‍കാമെന്ന് അറിയിച്ചതോടെ ഉടമകള്‍ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News