അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് പറയുകയും കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നയത്തിനെതിരെ സംസാരിക്കുകയും ചെയ്ത ശശി തരൂരിനെതിരെ നടപടിയുണ്ടോയെന്ന് കോണ്‍ഗ്രസിനോട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മതേതരത്വം ഇന്ത്യയ്ക്ക് ചേരാത്തകാര്യമാണെന്ന് ഒരു കോണ്‍ഗ്രസ് എംപി പറയുന്നുവെന്നും കോടിയേരി പറഞ്ഞു. വട്ടിയൂര്‍കാവില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ നിലപാടിനോട് യോജിപ്പുണ്ടോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്എസ് മുന്നോട്ട് വയ്ക്കുന്ന അഭിപ്രായങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന എംപി എങ്ങനെ കോണ്‍ഗ്രസിന്റെ ശബ്ദമാകുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് സമീപദിവസങ്ങളില്‍ ബിജെപിയില്‍ ചേര്‍ന്നത്.

ഇത്തരം സാഹചര്യത്തിലാണ് രാജ്യത്ത് ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കേണ്ട ആവശ്യം വന്നിരിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ കോര്‍പറേറ്റ്വത്കരണവും വര്‍ഗീയതയും ശക്തിപ്പെട്ടു. പൊതുമേഖല വില്‍ക്കാന്‍ തീരുമാനിച്ചു. കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ് കൊടുക്കുകയാണ്.

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്നു. ബിജെപി ഖജനാവിലേക്ക് കമ്മീഷന്‍ ഒഴുകുകയാണ്. തിരുവനന്തപുരത്തെ ഏത് ബിജെപിക്കാരനാണ് ബിജെപി ഭരണം കൊണ്ട് ഗുണം കിട്ടിയിട്ടുള്ളത്. കര്‍ഷകര്‍ക്കും തൊഴിലാളിക്കും ജീവിക്കാന്‍ കഴിയാത്ത രാജ്യമായി ഇന്ത്യമാറുന്നു.

രാജ്യത്ത് ഫാസിസ്റ്റ് രീതിയിലുള്ള ഭരണക്രമം ആരംഭിച്ചിരിക്കുകയാണ്. വാഗ്ദാനങ്ങള്‍ കേരളസര്‍ക്കാര്‍ നടപ്പാക്കിയോ എന്ന് പരിശോധിച്ച് ജനങ്ങള്‍ വോട്ടുരേഖപ്പെടുത്തട്ടെ. ഇന്ന് കേരളത്തില്‍ മെച്ചപ്പെട്ട ക്രമസമാധാനമുണ്ട്. അഴിമതി രഹിതമായ ഭരണം. അടിസ്ഥാന സൗകര്യ വികസനമേഖലയിലാണ് ഏറ്റവും വലിയ മാറ്റമുണ്ടായത്.

പൊതുമേഖല 250 കോടി ലാഭത്തിലായി. മുടങ്ങിക്കിടന്ന പദ്ധതികള്‍ നടപ്പാക്കാനാകുമെന്ന് ഇടത് സര്‍ക്കാര്‍ തെളിയിച്ചു. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ 450 കോടി ചെലവഴിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അപേക്ഷ ലഭിച്ചാല്‍ ഓണ്‍ലൈന്‍ വഴി അത് പെട്ടെന്നുതന്നെ അര്‍ഹരിലേയ്ക്കെത്തും. ഒരു ജനസമ്പര്‍ക്ക പരിപാടിയും ആവശ്യമില്ല.

ദേവസ്വം നിയമനത്തില്‍ സര്‍ക്കാര്‍ സംവരണം നടപ്പാക്കി. എല്ലാവരും ഹിന്ദി പഠിക്കണമെന്ന് അമിത് ഷാ പറയുന്നു. ഇതിനെതിരെയൊന്നും പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ അധികമെത്തി. യുഡിഎഫ് വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുകയായിരുന്നുവെന്നും കോടിയേരി വിശദീകരിച്ചു.

അഴിമതി ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണമെന്നാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. അഴിമതി നടത്തുന്നത് ആരാണെങ്കിലും രക്ഷപ്പെടില്ല. നൂറ് വര്‍ഷം നില്‍ക്കേണ്ട പാലം യുഡിഎഫ് നിര്‍മിച്ചപ്പോള്‍ രണ്ട് വര്‍ഷം പോലും നിന്നില്ലെന്നും കോടിയേരി വ്യക്തമാക്കി