കോച്ച്‌ ഫാക്ടറി പൂട്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയത് വന്‍ അട്ടിമറി; ബെമല്‍ പൂട്ടിച്ചത് കേരളത്തിന്റെ കണ്ണില്‍ പൊടിയിടാന്‍

പാലക്കാടിന് റെയിൽവേ കോച്ച്‌ ഫാക്ടറി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ മെമ്മുവിന്റെ 300 കോച്ചുകൾ നിർമിക്കാൻ ബെമലിന്‌ ഓർഡർ നൽകി. ആവശ്യമായ കോച്ചുകൾ ഉൽപ്പാദിപ്പിക്കാൻ നിലവിലെ ഫാക്ടറികള്‍ക്ക് കഴിയുമെന്നതിനാൽ പാലക്കാട്‌ കോച്ച്‌ ഫാക്ടറി ഉപേക്ഷിക്കുന്നതായി കഴിഞ്ഞവർഷം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സർക്കാരിനെ അറിയിച്ചത്‌. എന്നാൽ ആവശ്യമായ കോച്ചുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ മൂന്നു വർഷം മുമ്പ്‌ നിർത്തിയ ഉൽപ്പാദനം പുനരാരംഭിക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമലിനോട്‌ (ഭാരത്‌ എർത്ത് മൂവേഴ്‌സ്‌ ലിമിറ്റഡ്‌) ആവശ്യപ്പെട്ടത്‌.

ചെന്നൈയിലെ പെരമ്പൂർ, പഞ്ചാബിലെ കപൂർത്തല, ഉത്തർപ്രദേശിലെ റായ്‌ബറേലി എന്നിവിടങ്ങളിലാണ്‌ നിലവിൽ കോച്ച്‌ ഫാക്ടറികളുള്ളത്‌. ഇവയിൽ ഒരു വർഷം ശരാശരി 4,280 കോച്ചുകൾ നിർമിക്കുന്നുണ്ട്‌. ഇതുതന്നെ ധാരാളമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പാലക്കാട്‌ കോച്ച്‌ ഫാക്ടറി നിഷേധിച്ചത്‌. അതുവരെ കോച്ചുകൾ നിർമിച്ച ബെമലിനോട് ഉൽപ്പാദനം നിർത്താനും റെയിൽവേ മന്ത്രാലയം നിര്‍ദേശം നല്‍കി. കേരളത്തിന്‌ പുതിയ കോച്ച്‌ ഫാക്ടറി ആവശ്യമില്ലെന്ന് സ്ഥാപിക്കാനായിരുന്നു ഈ തന്ത്രം.

ബെമലിനെ കോച്ച്‌ ഫാക്ടറിയുടെ പങ്കാളിയാക്കണമെന്ന വിശദമായ പദ്ധതി റിപ്പോർട്ട്‌ മുൻ എംപി എം ബി രാജേഷ്‌ റെയിൽവേ, ഖന വ്യവസായ മന്ത്രാലങ്ങൾക്ക്‌ നല്‍കിയിരുന്നു. ഫാക്ടറി നിര്‍മിക്കാന്‍ ബെമലിനോട്‌ ചേർന്ന് 230 ഏക്കർ സംസ്ഥാന സർക്കാരും ഏറ്റെടുത്ത്‌ റെയിൽവേക്ക്‌ കൈമാറി. എന്നാൽ രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയതോടെ റായ്‌ബറേലി കോച്ച്‌ ഫാക്ടറിയിൽ ഉൽപ്പാദനം കുറച്ച്‌ ഫാക്ടറി സ്വകാര്യവൽക്കരിക്കാന്‍ നീക്കവും തുടങ്ങി. ഈ സാഹചര്യത്തിലാണ്‌ ബെമലിന്‌ 300 കോച്ചുകളുടെ ഓർഡർ ലഭിക്കുന്നത്‌. കേരളത്തെ വഞ്ചിക്കാൻ പൊതുമേഖലാസ്ഥാപനങ്ങളുടെ ഉൽപ്പാദനം നിയന്ത്രിക്കാനും കേന്ദ്രസർക്കാർ ഇടപെടലാണ്‌ ഇതിലൂടെ തെളിയുന്നത്.

നിലവില്‍ ബെമലിന് ലഭിച്ച 300 മെമു കോച്ചുകള്‍ നിര്‍മിക്കാനുള്ള ഉത്തരവില്‍ 75 മോട്ടോർ കോച്ചുകൾ കഞ്ചിക്കോടാണ്‌ നിർമിക്കുന്നത്‌. ഇവിടെ നിർമിച്ച ആദ്യ കോച്ച്‌ അനുബന്ധ ജോലികൾക്കായി ബംഗളൂരുവിലേക്ക്‌ അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News