ഷെല്ലി ആൻ ഫ്രേസർ പ്രൈസി ചരിത്രമെഴുതി. ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്‌ വനിതകളുടെ 100 മീറ്ററിൽ ഈ ജമൈക്കക്കാരി പൊന്നണിഞ്ഞു. 10.71 സെക്കൻഡിലാണ്‌ നേട്ടം. നൂറിൽ നാലാമത്തെ ലോക കിരീടമാണ്‌ ഈ മുപ്പത്തിരണ്ടുകാരിക്ക്‌. ബ്രിട്ടന്റെ ദിന ആഷെർ സ്‌മിത്ത്‌ 10.83 സെക്കൻഡിൽ വെള്ളിയും ഐവറി കോസ്‌റ്റിന്റെ മരിയെ ഹൊ താ ലു 10.90 സെക്കൻഡിൽ വെങ്കലവും സ്വന്തമാക്കി.

നിലവിലെ ലോക, ഒളിമ്പിക്‌ ചാമ്പ്യൻ അമേരിക്കയുടെ ടോറി ബോയി സെമിയിൽനിന്ന്‌ പിന്മാറി. മറ്റൊരു അമേരിക്കൻതാരം ഇംഗ്ലീഷ്‌ ഗാർഡ്‌നെർക്ക്‌ പേശീവലിവിനെ തുടർന്ന്‌ സെമിമത്സരം പൂർത്തിയാക്കാനായില്ല.

വനിതാ പോൾവോൾട്ടിൽ രാജ്യാന്തര അത്‌ലറ്റിക്‌ ഫെഡറേഷന്റെ പതാകയ്‌ക്കു കീഴിൽ മത്സരിച്ച റഷ്യയുടെ അൻഷെലിക സിഡെറൊവ ചാമ്പ്യനായി. പുരുഷ ലോങ്‌ ജമ്പിൽ അമേരിക്കയുടെ ക്രിസ്‌റ്റ്യൻ ടെയ്‌ലർ 17.92 മീറ്ററിൽ സ്വർണം നേടി.