
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹിൽ രമാനിക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി. നിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സിബിഐക്ക് നിർദേശം നൽകി.
അനധികൃതമായി ഫ്ലാറ്റുകൾ സമ്പാദിച്ചുവെന്നും വിഗ്രഹമോഷണക്കേസിൽ ഇടപെട്ടുവെന്നുമുള്ള ആരോപണങ്ങളിൽ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായ നടപടികള്‍ സ്വീകരിക്കാൻ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സിബിഐക്ക് നിര്‍ദേശം നല്‍കിയത്. 3.28 കോടി രൂപയ്ക്ക് രണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിയതിൽ ഒന്നര കോടി രൂപ ബാങ്ക് ലോണ്‍ ആയിരുന്നുവെന്നും ബാക്കി തുകയുടെ സ്രോതസ്സ് സംബന്ധിച്ച വ്യക്തതവരുത്താന്‍ സാധിച്ചിട്ടില്ലെന്നുമാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
വിജയ താഹില്‍ രമാനിയുടെ പേരില്‍ ആറ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്നും ഇതിലെ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് വിജയ താഹില്‍രമാനി രാജിവെച്ചിരുന്നു. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലംമാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വിജയ ആരോപിച്ചിരുന്നു.
ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ, ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളുടെ ശിക്ഷ ജസ്റ്റിസ് വിജയ താഹില്‍രമാനി ശരിവച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here