ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത; പകൽ 2 മുതൽ രാത്രി 10 വരെ ജാഗ്രതാ നിര്‍ദേശം; 3 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട്. തെക്കൻ കേരളത്തിലെ മലയോരമേഖലയിലും അടുത്ത 24 മണിക്കൂർ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത. 45 മുതൽ 55 കീലോമീറ്റർ വേഗതയിൽ കന്യാകുമാരി മേഖലയിലും ഗുജറാത്ത് തീരത്തും അതിനോട് ചേർന്നുള്ള വടക്കു-കിഴക്ക് അറബിക്കടലിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് മഴയോട് അനുബന്ധിച്ച്‌ പകൽ രണ്ടുമുതൽ രാത്രി പത്തുവരെ ശക്തമായ മിന്നലിന്‌ സാധ്യതയെന്ന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നൽകി. ജനങ്ങൾ അതീവ ജാഗ്രതപുലർത്തണം.

മിന്നൽ സമയത്ത് തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കരുത്‌. തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ജനലും വാതിലും അടച്ചിടണം. മിന്നൽ ഏറ്റ ആളിന്‌ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്‌. ഇടിമിന്നൽ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കണം. പ്രാസംഗികർ ഉയർന്ന വേദികളിൽ ഈ സമയങ്ങളിൽ നിൽക്കരുത്‌. മൈക്ക് ഉപയോഗിക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. ഇടിമിന്നലുള്ള സമയം ഫോൺ ഉപയോഗിക്കരുത്‌. ഈ സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക. വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News